ശ്രീലങ്കക്കെതിരായ വന്‍ വിജയത്തിന് പിന്നാലെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. നവംബര്‍ 15ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് തന്നെയാകും ഇന്ത്യയെ നേരിടുക എന്ന് 99 ശതമാനവും ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.
സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്.
ഇന്ത്യക്കെതിരായ മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരിക്കുമെന്നും മെന്‍ ഇന്‍ ബ്ലൂ വളരെ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും ബോള്‍ട്ട് പറഞ്ഞു.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബോള്‍ട്ട്.
‘എല്ലാവര്‍ക്കും ആതിഥേയ രാജ്യമായ ഇന്ത്യയെ നേരിടണമെന്നാണ്. അവര്‍ വളരെ മികച്ച ക്രിക്കറ്റാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല, കാലം തന്നെ അത് തെളിയിക്കണം. എനിക്കുറപ്പാണ് അത് വളരെ ആവേശകരമായ മത്സരമായിരിക്കും,’ ബോള്‍ട്ട് പറഞ്ഞു.
മൂന്ന് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് 37 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ബോള്‍ട്ട് മത്സരത്തിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
കുശാല്‍ മെന്‍ഡിസിനെ പുറത്താക്കിയതിന് പിന്നാലെ ലോകകപ്പില്‍ 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാനും ബോള്‍ട്ടിന് സാധിച്ചിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് ബൗളറാണ് ബോള്‍ട്ട്.
ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍
(താരം – മത്സരം – നേടിയ വിക്കറ്റ് എന്നീ ക്രമത്തില്‍)
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ് തുടര്‍ച്ചയായ അഞ്ചാം ലോകകപ്പ് സെമി ഫൈനലും കളിക്കും. സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഹാട്രിക് ഫൈനല്‍ കളിക്കാനും 2015ലും 2019ലും കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുമാണ് ന്യൂസിലാന്‍ഡ് ഒരുങ്ങുന്നത്.
Content highlight: Trent Boult about playing semi finals against India