മടങ്ങിയെത്തണം, ലോകകപ്പ് കളിക്കണം; തോറ്റാല്‍ പുറത്താകുന്ന നിര്‍ണായക മത്സരത്തിന് മുമ്പ് തുറന്നുപറഞ്ഞ് സഞ്ജുവിന്റെ വലംകൈ
Sports News
മടങ്ങിയെത്തണം, ലോകകപ്പ് കളിക്കണം; തോറ്റാല്‍ പുറത്താകുന്ന നിര്‍ണായക മത്സരത്തിന് മുമ്പ് തുറന്നുപറഞ്ഞ് സഞ്ജുവിന്റെ വലംകൈ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th May 2023, 6:47 pm

ന്യൂസിലാന്‍ഡിന് വേണ്ടി 2023 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. 13 വര്‍ഷത്തിലധികം താന്‍ കിവീസ് ടീമിനൊപ്പമുണ്ടായിരുന്നുവെന്നും ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് താരം വ്യക്തമാക്കിയത്.

കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ വേണ്ടി താരം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനൊപ്പമുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്ട് പുതുക്കിയിരുന്നില്ല. ഇതിന് പിന്നാലെ താരം ലോകകപ്പ് കളിക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ തനിക്ക് വീണ്ടും ടീമിലേക്ക് മടങ്ങിയെത്തണമെന്നും ലോകകപ്പ് കളിക്കണമെന്നുമുള്ള ആഗ്രഹം താരം വ്യക്തമാക്കിയിരിക്കുന്നത്.

ഐ.പി.എല്ലില്‍ നിര്‍ണായകമായ രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് മുമ്പ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍ട്ട് ഇക്കാര്യം പറഞ്ഞത്.

 

 

‘എനിക്കിപ്പോഴും ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. ഞാന്‍ അത് തീരുമാനിച്ചു. കഴിഞ്ഞ 13 വര്‍ഷം ന്യൂസിലാന്‍ഡിന് വേണ്ടി കളിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു, ഈ വരുന്ന ലോകകപ്പിലും കളിക്കണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. അത് എങ്ങനെ വരുമെന്ന് നമുക്ക് നോക്കാം. അതിന് സാധ്യതകളുണ്ട്,’ ബോള്‍ട്ട് പറഞ്ഞു.

ലോകകപ്പ് കളിക്കുക മാത്രമല്ല, ന്യൂസിലാന്‍ഡിനെ ഫൈനലിലെത്തിക്കണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും കഴിഞ്ഞ ലോകകപ്പില്‍ ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാനുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു.

ഏറെ വിവാദങ്ങളാണ് 2019 ലോകകപ്പ് ഫൈനലിന് പിന്നാലെ ഉടലെടുത്തത്. സൂപ്പര്‍ ഓവറിന് ശേഷവും ഇരു ടീമുകളും സമനില പാലിച്ചെങ്കിലും ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകകയായിരുന്നു.

‘2019 ഫൈനലിന് ശേഷം ഞാന്‍ കെയ്ന്‍ വില്യംസണോട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. നമുക്ക് വീണ്ടും ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ കളിക്കണം എന്നായിരുന്നു കെയ്‌നിനോട് പറഞ്ഞത്.

അദ്ദേഹത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് നിര്‍ഭാഗ്യകരമാണ്. അവിടെ (ലോകകപ്പ്) എത്താന്‍ അദ്ദേഹം കാര്യമായി തന്നെ പരിശ്രമിക്കുന്നുണ്ട്. അത് വളരെ മികച്ച ഒരു ടൂര്‍ണമെന്റാണ്. നൂറ് ശതമാനവും അതില്‍ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന് വേണ്ടി എട്ട് മത്സരങ്ങളില്‍ നിന്നുമായി പത്ത് വിക്കറ്റാണ് ബോള്‍ട്ട് നേടിയത്. മെയ് 11ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

 

Content highlight: Trent Boult about playing 2023 World Cup