| Saturday, 18th June 2022, 1:48 pm

ഇവനൊക്കെ ഇപ്പോഴും ഫാബ് ഫോറില്‍ തന്നെ ഉണ്ടല്ലേ? ബാറ്റിങ്ങില്‍ വിരാട് കോഹ്‌ലിയെ കടത്തിവെട്ടി ട്രെന്റ് ബോള്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ തലമുറ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍ എന്ന വിശേഷണവും താരത്തിന് യോജിക്കുന്നത് തന്നെയാണ്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് താരം എന്നതിലുപരി ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനും കോഹ്‌ലി തന്നെയാണ്.

എന്നാല്‍ കുറച്ചുകാലമായി വിരാടിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും തന്നെ പന്തിയല്ല. ഫാബുലസ് ഫോറില്‍ ഇപ്പോള്‍ താരതമ്യേന മോശം പ്രകടനം കാഴ്ചവെക്കുന്നതും കോഹ്‌ലി തന്നെയാണ്.

എന്നാലിപ്പോള്‍ പുറത്തുവരുന്ന സ്റ്റാറ്റ്‌സ് ഏതൊരു ക്രിക്കറ്റ് ആരാധകനേയും അമ്പരപ്പിക്കുന്നതാണ്. ഫാബുലസ് ഫോറില്‍ വരെ ഉള്‍പ്പെട്ട ഒരു താരത്തേക്കാള്‍ ബാറ്റിങ് ആവറേജ് പതിനൊന്നാമനായി കളിക്കുന്ന ഒരു ബൗളര്‍ക്കുണ്ട് എന്ന വസ്തുതയാണ് ആരെയും അമ്പരപ്പിക്കുന്നത്.

2020ന്റെ തുടക്കം മുതല്‍ വിരാടിനുള്ള ടെസ്റ്റ് ആവറേജ് ഏതൊരു ആരാധകനേയും ഞെട്ടിക്കും. 28.44 മാത്രമാണ് താരത്തിന്റെ ടെസ്റ്റ് ആവറേജ്.

2020ല്‍ മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്‌സില്‍ നിന്നുമായി 19.33 ആവറേജില്‍ 116 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2021ല്‍ 11 ടെസ്റ്റിലെ 19 ഇന്നിങ്‌സില്‍ നിന്നും 28.21 ശരാശരിയില്‍ 536 റണ്‍സും, 2022ല്‍ മൂന്ന് ടെസ്റ്റിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 37.80 ശരാശരിയില്‍ 189 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.

അതായത് 2020 മുതലുള്ള താരത്തിന്റെ ബാറ്റിങ് ആവറേജ് 28.44 മാത്രമാണെന്നര്‍ത്ഥം!

എന്നാല്‍ ഇക്കാലയളവില്‍ വിരാട് കോഹ്‌ലിയെക്കാളും ടെസ്റ്റ് ആവറേജ് ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനുണ്ട്. 34.75 ആണ് ബോള്‍ട്ടിന്റെ 2020 മുതലുള്ള ടെസ്റ്റ് ആവറേജ്.

പ്രമുഖ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ നിക് സാവേജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് ബോള്‍ട്ട് പിന്നിട്ടിരുന്നു. 11ാം നമ്പറില്‍ ഇറങ്ങി ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ താരം എന്ന റെക്കോഡാണ് ബോള്‍ട്ട് മറികടന്നത്.

640 റണ്‍സാണ് താരം 11ാം നമ്പറില്‍ നിന്നും സ്വന്തമാക്കിയത്.

ഇപ്പോഴുള്ള വിരാടിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഒട്ടും തന്നെ തൃപ്തരല്ല. എന്നാല്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തും എന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Trent Bolt surpasses Virat Kohli in 2020 Test batting average

We use cookies to give you the best possible experience. Learn more