| Saturday, 4th June 2022, 12:01 pm

ബോള്‍ട്ട്‌ കുമ്പിടിയാ, അവിടേം കണ്ടു ഇവിടേം കണ്ടു... ഡബിളാ ഡബിള്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ട്. 2008ന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ ബോള്‍ട്ട് വഹിച്ച ചില്ലറയല്ല.

ക്യാപ്റ്റന്‍ സഞ്ജു സാംസണ് വിശ്വസിച്ച് ബോളേല്‍പ്പിക്കാവുന്ന പേസര്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗിന് റോയലായി തുടക്കം കുറിക്കുന്നവന്‍, അതായിരുന്നു ബോള്‍ട്ട്. പേര് സൂചിപ്പിക്കും പോലെ തന്നെ പിച്ചിലെ തണ്ടര്‍ ബോള്‍ട്ട് തന്നെയായിരുന്നു ബ്ലാക്ക് ക്യാപ്‌സിന്റെ ഈ സൂപ്പര്‍ താരം.

16 മത്സരത്തില്‍ നിന്നും രാജസ്ഥാന് വേണ്ടി 62 ഓവര്‍ പന്തെറിഞ്ഞ താരം 492 റണ്‍സ് വഴങ്ങി 16 വിക്കറ്റായിരുന്നു വീഴ്ത്തിയത്. 7.94 ആണ് സീസണില്‍ താരത്തിന്റെ എക്കോണമി.

ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരത്തിലും രാജസ്ഥാന് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ താരത്തിനാവാതെ പോയി. എന്നാല്‍ രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം തീര്‍ക്കാനൊരുങ്ങുകയാണ് ബോള്‍ട്ട്.

ഫൈനല്‍ മത്സരം കഴിഞ്ഞ ഒരാഴ്ച പോലും തികയുന്നതിന് മുമ്പേ താരം ഇംഗ്ലണ്ടിലേക്ക് പറന്നിരുന്നു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ കിവീസ് നിരയിലെ കുന്തമുനയാവാനായിരുന്നു താരത്തിന്റെ പോക്ക്.

മെയ് 29ന് അഹമ്മദാബാദില്‍ ഐ.പി.എല്ലിന്റെ ഫൈനല്‍ കളിച്ചുതീര്‍ത്ത ശേഷം ജൂണ്‍ രണ്ടിന് ലോര്‍ഡ്‌സില്‍ പന്തെറിയുന്ന ബോള്‍ട്ടിനെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. നന്ദനം സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്നത് പോലെ ‘അവിടേം കണ്ടും ഇവിടേം കണ്ടു. ഡബിളാ.. ഡബിള്’.

തന്റെ ആരോഗ്യമോ മനോനിലയോ പോലും കണക്കിലെടുക്കാതെ രാജ്യത്തിന് വേണ്ടി പന്തെറിയുന്ന ബോള്‍ട്ടിന് വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലോര്‍ഡ്‌സിലും താരം തന്റെ ആക്രമണം തുടരുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 141ല്‍ എറിഞ്ഞിട്ടതില്‍ ബോള്‍ട്ടിന്റെ പങ്ക് വളരെ വലുതായിരുന്നു.

13.5 ഓവറില്‍ 21 റണ്‍സ് വിട്ടുനല്‍കി 3 വിക്കറ്റാണ് താരം പിഴുതത്. നാല് മെയ്ഡിന്‍ ഓവറും ഇക്കൂട്ടത്തില്‍ പെടും. ജോണി ബെയസ്‌ട്രോ, മാറ്റി പോട്‌സ്, മാറ്റ് പാര്‍കിന്‍സണ്‍ എന്നിവരെയാണ് താരം പവലിയനിലേക്ക് മടക്കിയത്.

1.52 ആണ് താരത്തിന്റെ എക്കോണമി. കിവീസ് നിരയിലെ ഏറ്റവും മികച്ച ബൗളിംഗ് സ്റ്റാറ്റ്‌സാണിത്.

Content Highlight: Trent Bolt plays for the IPL and the New Zealand national team within days

We use cookies to give you the best possible experience. Learn more