സാമൂഹ്യമാധ്യമ ഭീമന്‍ ട്വിറ്ററിനു ഭീഷണിയായി ഇനി പുതിയൊരു പേര്, മേസ്റ്റഡോണ്‍. ട്വിറ്ററിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ഉപയോക്താക്കളില്‍ പലരും ഇതിനോടകം തന്നെ മേസ്റ്റഡോണ്‍ എന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമിലേക്കു മാറിക്കഴിഞ്ഞു.
വിദ്വേഷ പ്രസംഗം അടക്കമുള്ള വിഷയങ്ങളില്‍ ട്വിറ്ററിന് സ്ഥിരതയില്ലാത്ത നിലപാടാണെന്ന് ഉപയോക്താക്കളില്‍ ചിലര്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ദുരുപയോഗങ്ങള്‍ക്കെതിരെ മേസ്റ്റഡോണ്‍ എടുക്കുന്ന നിലപാടുകളെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല.
എത്രപേര്‍ മേസ്റ്റഡോണില്‍ അക്കൗണ്ട് എടുത്തുവെന്നും എത്രപേര്‍ ട്വിറ്റര്‍ ഉപേക്ഷിച്ചുവെന്നുമുള്ള കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ട്വിറ്റര്‍ പോലെതന്നെ പോസ്റ്റ് ചെയ്യാനും കമന്റ് ചെയ്യാനും ഫോളോ ചെയ്യാനും ചിത്രങ്ങളും വീഡിയോകളും പബ്ലിഷ് ചെയ്യാനും സാധിക്കും.
സുപ്രീംകോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, തന്റെ ട്വിറ്റര്‍ അക്കൗണ്ട് രണ്ടുതവണ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്നു വെളിപ്പെടുത്തിയതോടെയാണ് രാജ്യത്തു വന്‍തോതില്‍ ട്വിറ്ററിനെതിരെ പ്രതിഷേധം രൂപപ്പെട്ടത്. ഏകദേശം മൂന്നുകോടിയിലധികം പേരാണ് ഇതിനെതിരെ ഇന്ത്യയില്‍ മാത്രം രംഗത്തെത്തിയത്.
നാസി സല്യൂട്ട് നല്‍കാന്‍ വിസ്സമതിച്ച ജര്‍മന്‍ സ്വദേശി ഓഗസ്റ്റ് ലാന്‍ഡ്‌മെസ്സറിന്റെ 1936 ഒരു ചിത്രം റീട്വീറ്റ് ചെയ്തതാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായത്. വിദ്വേഷം പരത്തുന്ന ചിത്രമാണെന്നാണ് ട്വിറ്റര്‍ കാരണം പറഞ്ഞത്.
പ്രതിഷേധത്തെത്തുടര്‍ന്ന് ചിത്രമില്ലാതെ തന്റെ അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചെന്ന് ഹെഗ്‌ഡേ ബി.ബി.സിയോടു പറഞ്ഞു. രണ്ടു വിപ്ലവകാരികളെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് ഒരു കവിത 2017-ല്‍ പോസ്റ്റ് ചെയ്തതാണ് അടുത്ത സസ്‌പെന്‍ഷനു കാരണമായത്.
പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ട്വിറ്റര്‍ രംഗത്തുവന്നു. ആശയപരമായും രാഷ്ട്രീയപരമായുള്ള പോസ്റ്റുകള്‍ക്കെതിരെ തങ്ങള്‍ നടപടിയെടുക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ ട്വിറ്റര്‍ വേണ്ടത്ര നടപടിയെടുത്തില്ലെന്നാണു പ്രധാന ആരോപണമായി ഇപ്പോഴും നിലനില്‍ക്കുന്നത്.
ഇന്ത്യയില്‍ ട്വിറ്റര്‍ ഇതുവരെ പത്തുലക്ഷം ട്വീറ്റുകള്‍ നീക്കം ചെയ്തതായും നൂറോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റസ് (സി.പി.ജെ) പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിമര്‍ശനാത്മകമായി നിലപാടെടുത്തതാണ് പ്രധാനമായും പല അക്കൗണ്ടുകളെയും ബ്ലോക്ക് ചെയ്യാന്‍ കാരണമെന്നും അവരതില്‍ പറയുന്നുണ്ട്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനോ ഇല്ലാതാക്കാനോ ട്വിറ്റര്‍ ശ്രമിക്കുന്നുണ്ടെന്നും അതില്‍ ആശങ്കയുണ്ടെന്നും അടുത്തിടെ മേസ്റ്റഡോണില്‍ അക്കൗണ്ടെടുത്ത എഴുത്തുകാരി നിലാഞ്ജന റോയ് പറഞ്ഞു.
മുസ്‌ലിങ്ങളെ ബഹിഷ്‌കരിക്കുക തുടങ്ങിയ ഹാഷ്ടാഗുകളെ ട്വിറ്റര്‍ നിലനിര്‍ത്തുകയും തങ്ങളുടെ അക്കൗണ്ടുകള്‍ നിരന്തരം ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് വിവിധ ദളിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരും പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
There’s been a lot of discussion this week about Twitter’s perceived bias in India. To be clear, whether it’s the development of policies, product features, or enforcement of our Rules, we are impartial and do not take action based upon any ideology or political viewpoint.
‘ദളിതര്‍, സ്ത്രീകള്‍, മതന്യൂനപക്ഷം എന്നിവര്‍ക്കെതിരെയാണ് ട്വിറ്ററിന്റെ പക്ഷപാതിത്വം.’- സി.പി.ഐ.എം.എല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗവും ആക്ടിവിസ്റ്റുമായ കവിതാ കൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ താന്‍ ട്വിറ്ററില്‍ പരാതിപ്പെട്ടുവെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ ട്വിറ്ററില്‍ വരുന്ന വധഭീഷണികള്‍ക്കും ലൈംഗികാക്രമണ ഭീഷണികള്‍ക്കും എതിരെ അവര്‍ നടപടിയെടുക്കുന്നില്ലെന്നും ചിലര്‍ ആരോപിക്കുന്നു.