കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ ഹോസെയിൽ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസംഗം തടഞ്ഞ് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ.
ഗസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇസ്രഈലിനുള്ള യു.എസിന്റെ പിന്തുണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
‘പ്രത്യുത്പാദന അവകാശങ്ങൾക്കായി പൊരുതുക’ എന്ന പേരിൽ രാജ്യമൊട്ടാകെ നടത്തുന്ന പര്യടനത്തിൽ പങ്കെടുക്കുകയായിരുന്നു കമല ഹാരിസ്.
വൈസ് പ്രസിഡന്റിനെ കാണാൻ കൂടി നിന്നവരോട് ഫലസ്തീനി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾക്ക് വേണ്ടി പോരാടാനും കമല ഹാരിസിനോട് ആവശ്യപ്പെടാൻ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
‘സ്ത്രീകളുടെ ആരോഗ്യവും സൗഖ്യവും അവർക്ക് പ്രാധാന്യമാണെന്ന് പറയുമ്പോൾ ഫലസ്തീനിലെ സ്ത്രീകളെ ബോംബെറിഞ്ഞ് കൊല്ലുന്നത് അംഗീകരിക്കാനാവില്ല,’ പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു.
സാൻ ഹോസെയിലെ മെക്സിക്കൻ ഹെറിട്ടേജ് പ്ലാസയിൽ സ്റ്റേജിൽ കയറിയതിന് പിന്നാലെ പ്രതിഷേധക്കാർ തുടർച്ചയായി വൈസ് പ്രസിഡന്റിനെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞു.
വെടിനിർത്തലില്ലാതെ പ്രത്യുത്പാദന നീതിയില്ലെന്ന് ചിലർ ഉറക്കെ വിളിച്ചുപറഞ്ഞു.
ഗസയിലെ സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും താനും പ്രസിഡന്റും അതിനുവേണ്ടിയാണ് ഓരോ ദിവസവും പ്രവർത്തിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു.
ഡിസംബറിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കോൺഗ്രസിനെ മറികടന്നുകൊണ്ട് ഇസ്രഈലിന് ആയുധ വില്പന നടത്തുവാൻ അംഗീകാരം നൽകിയിരുന്നു.
Highlight: Gaza ceasefire protest interrupts US VP Harris speech in California