| Friday, 13th October 2017, 4:57 pm

'എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുന്ന രീതി അപകടരം'; ഗൗരി ലങ്കേഷ് വധത്തില്‍ ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എതിര്‍ സ്വരങ്ങളെ കൊന്നൊടുക്കുന്നത് അപകടകരമെന്ന് ബോംബെ ഹൈക്കോടതി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഗൗരിയുടേയും നരേന്ദ്ര ധബോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരയുടേയും കൊലപാതകങ്ങളെ കുറിച്ചും കോടതി പരാമര്‍ശിച്ചു.

കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ടുകൊണ്ട് ധബോല്‍ക്കറിന്റേയും പന്‍സാരയുടേയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

“കൂടുതല്‍ ആളുകള്‍ ലക്ഷ്യം വെക്കപ്പെടുമോ? സ്വതന്ത്ര്യ മൂല്യങ്ങള്‍ക്ക് യാതൊരു ആദരവും നല്‍കുന്നില്ല. സ്വതന്ത്ര്യ നിലപാടിന്റെ പേരില്‍ ആളുകള്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. ചിന്തകര്‍ മാത്രമല്ല, സ്വതന്ത്ര്യ നിലപാടും മൂല്യങ്ങളുമുള്ള ഏതൊരു വ്യക്തിയും സ്ഥാപനങ്ങളുമെല്ലാം വേട്ടയാടപ്പെടുകയാണ്. എനിക്കെതിരെ ആരെങ്കിലും എതിര്‍പ്പുയര്‍ത്തിയാല്‍ അവരെ ഇല്ലാതാക്കണം, എന്ന രീതിയാണ്. ” ജസ്റ്റിസ് ധര്‍മ്മദിക്കാരി പറയുന്നു.

കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് രാത്രിയായിരുന്നു ബംഗളൂരുവിലെ സ്വന്തം വീടിന് മുമ്പില്‍ വച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2013 ആഗസ്റ്റ് 20 നായിരുന്നു ധബോല്‍ക്കറിന് വെടിയേല്‍ക്കുന്നത്, പൂനെയില്‍ വച്ച്. രണ്ട് വര്‍ഷം കഴിഞ്ഞ് 2015 ഫെബ്രുവരി 16നായിരുന്നു പന്‍സാരെയ്ക്ക് വെടിയേറ്റത്, 20 ന് മരണപ്പെടുകയും ചെയ്തു.


Also Read:  മതസ്പര്‍ധയും സമുദായ ധ്രുവീകരണവും നടത്തി കേരളത്തിന്റെ മണ്ണില്‍ വേരുപിടിക്കാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ട: രജദീപ് സര്‍ദേശായി


” എതിര്‍ശബ്ദങ്ങളെ കൊന്നൊടുക്കുന്ന ഈ പ്രവണത അപകടകരമാണ്. രാജ്യത്തെ കുറിച്ച് മോശം പ്രതീതിയാണ് ഇതുണ്ടാക്കുന്നത്.” ധബോല്‍ക്കര്‍, പന്‍സാരെ കൊലപാതക കേസുകളില്‍ സി.ബി.ഐയും മഹാരാഷ്ട്ര സി.ഐ.ഡിയും സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെ കോടതി ബഞ്ച് പറഞ്ഞു.

“നിങ്ങളുടെ പരിശ്രമങ്ങള്‍ ന്യായം തന്നെ. എന്നാല്‍ മുഖ്യ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നത് വാസ്തവമാണ്. കോടതി ഓരോ തവണ ചേരുമ്പോഴേക്കും ഓരോ വിലപ്പെട്ട ജീവനുകള്‍ നഷ്ടമായിരിക്കും. സമാന ചിന്തയുള്ള ഒരാളാണ് ബംഗളൂരുവില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.” കോടതി പറഞ്ഞു.

അന്വേഷണത്തിന്റെ രീതി മാറ്റാനും പുതിയ സംവിധാനങ്ങളും മറ്റും പ്രയോഗിക്കാനും കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ” പ്രതികള്‍ക്ക് കരുത്ത് കൂടിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തന്നെ അന്വേഷണ ഏജന്‍സികള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കണം.” കോടതി പറയുന്നു.

We use cookies to give you the best possible experience. Learn more