തൃശ്ശൂര്‍: പെരിങ്ങള്‍കുത്ത് ഡാമില്‍ വന്‍ മരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. മലവെള്ളപ്പാച്ചിലില്‍ വന്‍ മരങ്ങള്‍ ഒലിച്ചു വന്ന് ഡാമില്‍ അടിയുകയായിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കോഴിക്കോട് നിന്നും ഖലാസികള്‍ എത്തിയിട്ടുണ്ട്. മരങ്ങളുടെ കൂമ്പാരം തന്നെയാണ് ഡാമിന് മുകളില്‍ വന്നടിഞ്ഞിരിക്കുന്നത്.
ഇവ നീക്കം ചെയ്തില്ലെങ്കില്‍ ഡാമിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്ന് കണ്ടാണ് അടിയന്തിരമായി മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. വന്മരങ്ങള്‍ ഇടിച്ചിട്ടുണ്ടെങ്കിലും ഡാമിന് ബാലക്ഷയമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
Read: ചെങ്ങന്നൂരില്‍ രണ്ട് ദിവസം കൂടി രക്ഷാപ്രവര്‍ത്തനം തുടരും; നെല്ലിയാമ്പതി ഒറ്റപ്പെട്ട് തന്നെ
പെരിങ്ങല്‍ക്കുത്ത് ഡാമിലേയ്ക്കുള്ള റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. അതേസമയം, ഷോളയാര്‍ ഡാമില്‍ എട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരെ രക്ഷിക്കാനായി കഴിഞ്ഞ ദിവസം നടത്തിയ ശ്രമം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഹെലികോപ്റ്റര്‍ രണ്ടു തവണ ഇവര്‍ക്കായി എത്തിയിരുന്നു. ഇന്ന് രാവിലെ മുതലും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദിവസങ്ങളായി ഇവര്‍ കുടുങ്ങിക്കിടക്കുകയാണ്. ഷോളയാര്‍ ഡാമിലേയ്ക്കും അതിരപ്പള്ളി-വാഴച്ചാല്‍ മേഖലകളിലേയ്ക്കും ഉള്ള റോഡുകള്‍ തകര്‍ന്നതാണ് ഇവര്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്.