| Monday, 2nd October 2023, 8:27 am

ഈട്ടിമരങ്ങൾ ദ്രവിച്ചും കാട്ടുതീയിലും നശിച്ചു; പണം ഭൂവുടമകൾ നൽകണമെന്ന് റവന്യു വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: പട്ടയത്തിൽ അടയാളപ്പെടുത്തിയ ഈട്ടി മരങ്ങൾ കാണുന്നില്ലെന്ന റവന്യു വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് പ്രതിസന്ധിയിലായി കർഷകർ. ഈട്ടി മരങ്ങൾ ഉണങ്ങിപ്പോകുകയും ശേഷം മണ്ണിൽ ദ്രവിച്ചും പോയതാണെന്നാണ് കർഷകർ പറയുന്നത്. കാട്ടുതീയിലും കുറേ മരങ്ങൾ നഷ്ടമായതായി പറയുന്നു.

സ്വത്ത് ഭാഗം വെക്കാൻ പോലും സാധിക്കാതെ തവിഞ്ഞാൽ പഞ്ചായത്തിലെ എഴുന്നൂറോളം കർഷകർ പ്രതിസന്ധിയിലാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

1964 – 70 കാലഘട്ടത്തിലാണ് മുന്നൂറോളം കർഷകർക്ക് പട്ടയം നൽകുകയും ഒപ്പം പട്ടയത്തിന് പുറത്ത് സംരക്ഷിത മരങ്ങളുടെ കണക്ക് എഴുതുകയും ചെയ്തത്. ഇപ്പോൾ 680 ഏക്കർ ഭൂമിയിലുള്ള 256 കോടി രൂപയുടെ ഈട്ടിമരങ്ങൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മുഴുവൻ ഭൂവിടപാടുകളും റവന്യു വകുപ്പ് റദ്ദാക്കി. തുടർന്ന് തീറെഴുതാനോ പോക്കുവരവ് നടത്താനോ ലോണെടുക്കാനോ സാധിക്കാതെ വലയുകയാണ് ഭൂവുടമകൾ.

ഈട്ടി മരങ്ങളുടെ വില നിലവിലെ കൈവശക്കാർ അടക്കണമെന്നാണ് റവന്യു വകുപ്പിന്റെ നിർദേശം. പട്ടയം നൽകി ഇത്രയും കാലത്തിനിടക്ക് മരങ്ങളുടെ കണക്ക് എടുക്കാതിരുന്ന റവന്യു വകുപ്പ് ഇപ്പോൾ ബുദ്ധിമുട്ടിക്കുകയാണ് എന്ന് നാട്ടുകാർ പരാതിപ്പെടുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

2012ൽ ഈട്ടിമരം മുറിച്ചുകടത്തിയെന്ന പരാതിയെത്തുടർന്നായിരുന്നു റവന്യു വകുപ്പിന്റെ ദ്രുത ഗതിയിലുള്ള നടപടി. ഇപ്പോഴും മരങ്ങൾ ദ്രവിച്ചുകൊണ്ടിരിക്കുകയാണെന്നും ശേഷിക്കുന്ന മരങ്ങൾ കൂടി നശിച്ച് ആ ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വരുംമുമ്പ് സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Content Highlight: Trees lost in forest fire; Revenue Department made farmers in crisis

We use cookies to give you the best possible experience. Learn more