| Saturday, 26th March 2016, 10:07 am

വോട്ടു ചെയ്യുന്നതിനൊപ്പം ഒരു മരവും നടാം: വയനാടിന്റെ മാതൃക പിന്തുടരാമെന്ന് കലക്ടര്‍ ബ്രോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വോട്ട് ചെയ്യുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയാവാനും അവസരമൊരുക്കുന്ന വയനാട് ജില്ലയിലെ “ഓര്‍മ മരം” പദ്ധതി അനുകരിക്കാന്‍ കോഴിക്കോട്ടുകാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം. ഫേസ്ബുക്കിലൂടെയാണ് കലക്ടര്‍ പ്രശാന്ത് നായര്‍ പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയാവാനാഗ്രഹിക്കുന്നവര്‍ക്കു മുമ്പില്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടു ചെയ്യുന്നവര്‍ക്ക് രണ്ടു മരങ്ങളുടെ തൈകള്‍ സൗജന്യമായി നല്‍കുന്നതാണു വയനാട് ജില്ലാ കലക്റ്റര്‍ കേശവേന്ദ്ര കുമാര്‍ മുന്നോട്ടു വെച്ച പദ്ധതി. വീട്ടിലോ പോളിങ് ബൂത്തിലോ എവിടെ വേണമെങ്കിലും വോട്ടര്‍മാര്‍ക്ക് ഈ മരം നടാമെന്നും പറയുന്നു. ഇവിടെയും ഈ രീതി പിന്തുടരണമെന്നാണ് കലക്ടര്‍ ആവശ്യപ്പെടുന്നത്.

കന്നി വോട്ടര്‍മാര്‍ എന്നതിനു പകരം ഇവിടെ താല്‍പര്യമുള്ള എല്ലാ വോട്ടര്‍മാര്‍ക്കും ഓരോ തൈ നടാനുള്ള അവസരം കൊടുക്കാം എന്നൊരു നിര്‍ദേശം കൂടി അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാവുകയാണെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 20 ലക്ഷം മരമെങ്കിലും നടാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

വയനാട് ജില്ലയില്‍. മെയ് മാസം 16 നു വോട്ട് ചെയ്യുന്ന കന്നി വോട്ടര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ വക രണ്ട് മരത്തൈ സമ്മാനം. അതില്‍ ഒന്ന് അവര്‍ക്ക് വീട്ടില്‍ നടാം. ഇനിയൊന്ന് അവര്‍ വോട്ട് ചെയ്ത പോളിംഗ് സ്റ്റേഷന്റെ “മുറ്റത്ത് ജൂണ്‍ 5 നും നടാം. വയനാട് കലക്ടര്‍ കേശവേന്ദ്ര കുമാറിന്റെ പദ്ധതിയാണ്. ഇവിടെ നമുക്കും ചെയ്താലോ? കന്നി വോട്ടര്‍മാര്‍ നട്ട തൈ യുടെ കൂടെ സെല്‍ഫി (വോട്ട്ഫി )എടുത്ത് പോസ്റ്റ് ചെയ്യുക എന്നു കൂടി ആയാലോ?

അപ്പോള്‍ പുത്തനല്ലാത്ത വോട്ടര്‍മാരോ? നമുക്ക് വേണമെങ്കില്‍ താല്പര്യമുള്ള എല്ലാ വോട്ടര്‍മാര്‍ക്കും ഓരോ തൈ നടാനുള്ള അവസരം കൊടുക്കാം. ആഗോള താപനം നമ്മളെയും ബാധിക്കുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന സമയമാണ്. മഴ വരുമ്പോഴേക്കും നമ്മള്‍ എല്ലാവരും കൂടി ശ്രമിച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു 20 ലക്ഷം മരമെങ്കിലും നടാം. എന്തു പറയുന്നു?

We use cookies to give you the best possible experience. Learn more