| Monday, 10th June 2019, 1:41 pm

കോടമഞ്ഞിനോട് കാറ്റുപറഞ്ഞ കഥ. . . കാറ്റാടിക്കടവ്. . .

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുവാറ്റുപുഴയില്‍ നിന്നും 34 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാറ്റാടിക്കടവിലെത്താം. നിരവധി
വളവുകളുള്ള ഇവിടം വലിയ അപകടമേഖലയാണ്. അനവധി ഹെയര്‍പ്പിന്നുകളും താണ്ടി വേണം കാറ്റാടിക്കടവിലെത്താന്‍. മെയിന്‍ റോഡിനരികിലുള്ള കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം എന്നെഴുതിയ കവാടത്തിന് മുന്നിലെത്തിയാലും മലമുകളിലേയ്ക്കെത്താന്‍ കാല്‍നടയായി ഒരുപാട് ദൂരം കയറണം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് മറിച്ചു ചിന്തിക്കാതെ പോകാവുന്ന ചെറിയ ഇടമാണ് കാറ്റാടിക്കടവ്. രാവിടെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് കവാടത്തിന് മുന്നില്‍ പ്രവേശന സമയം രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, എന്‍ട്രി ഫീസൊന്നും ഇല്ല.

പ്രവേശന കവാടത്തില്‍ നിന്ന് വളരെ കുറച്ചു ദൂരം മാത്രമേ നല്ല റോഡുകള്‍ ഉള്ളൂ. അതിന് ശേഷം ചെങ്കുത്തായ മല കയറ്റം തന്നെയാണ്. വാഹനങ്ങള്‍ ഉണ്ടായിട്ട് കാര്യമില്ല, നടത്തം തന്നെ ശരണം. ഉരുളന്‍ കല്ലുകള്‍ നിരന്നു കിടക്കുന്ന കാട്ടുവഴിയിലൂടെയാണ് നടത്തം. മഴക്കാലത്ത് വെള്ളം ഒഴുകുന്നതിനാല്‍ നല്ല വഴുക്കലുള്ള നടപ്പാതയാണ്. കുടിവെള്ളം കയ്യില്‍ കരുതുന്നത് അത്യാവശ്യമാണ്. നഗരത്തിന്റെ ബഹളങ്ങളൊന്നും ഇല്ലാത്ത സമാധാനമായ അന്തരീക്ഷമാണിവിടെ. കുന്നിന്‍ മുകളിലെ ആകെയുള്ള താമസക്കാരന്‍ സജിച്ചേട്ടനാണ്. നാല്‍പത് വര്‍ഷമായുള്ള പരിചയമാണ് സജിച്ചേട്ടന് കാറ്റാടിക്കടവിനോട്. ചേട്ടന്റെ വീടിനോട് ചേര്‍ന്ന കടയില്‍ ചെറു പലഹാരങ്ങളും ചായയും സര്‍ബ്ബത്തും ലഭിക്കും. കാറ്റാടിക്കടവിന്റെ ആകെയുള്ള ആഢംബരമാണ് സജിച്ചേട്ടന്റെ കട.

അകലെയുള്ള വെള്ളച്ചാട്ടം ഒഴികെ ബാക്കിയെല്ലാം പച്ചപ്പില്‍ പുതച്ചു കിടക്കുന്നതാണ് കാറ്റാടിക്കടവിലെ കാഴ്ച. ഇടയ്ക്കിടെ നീര്‍ച്ചാലുകളില്‍ നിന്ന് മലിനമല്ലാത്ത വെള്ളം കുടിച്ച് യാത്ര തുടരാം. കോടമഞ്ഞ് നിരന്തരം ആഞ്ഞടിക്കുന്ന, കാറ്റു മൂളുന്ന പ്രകൃതിയിലൂടെ ചുവടു പിഴയ്ക്കാതെ നടക്കണം. പാറക്കെട്ടുകളില്‍ ചെറുതായി വഴുതിപ്പോയാല്‍ വലിയ അപകടം പതിയിരിക്കുന്ന പ്രകൃതിയുടെ കുസൃതികള്‍ മറികടന്നു വേണം കാറ്റാടിക്കടവിന്റെ ഉച്ചിയിലെത്താന്‍. ചെറിയ പാറകളും അതിന്റെ ഓരം പറ്റിയുള്ള ചെറിയ ഇടവഴികളും താണ്ടിയെത്തണം.

മലയുടെ ഏറ്റവും മുകളില്‍ എത്തിയാല്‍ ലോകം മുഴുവന്‍ കണ്‍മുന്നില്‍ നില്‍ക്കുന്നതു പോലെ തോന്നും. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നോക്കുന്ന അനുഭവമാണ് കാറ്റാടിക്കടവില്‍ കയറിനിന്ന് താഴേയ്ക്ക് നോക്കുമ്പോള്‍. അകലെ വെള്ളച്ചാട്ടം, പല കുന്നുകള്‍, മേഘങ്ങള്‍ നീന്തിക്കളിക്കുന്ന ആകാശം, അതിന്റെ നീലിമ, തൊട്ടു താഴെ കുന്നിന്‍പുറങ്ങളുടെ നീലകലര്‍ന്ന പച്ച നിറം.

കോടമഞ്ഞ് മാറി മാറി വരുമ്പോള്‍ തെളിയുന്ന ചിത്രങ്ങള്‍. . . ചെറിയ തണുപ്പ്, മലകയറിയ ബുദ്ധിമുട്ടുകള്‍ പാടേ മറന്നു പോകാന്‍ ഇതൊക്കെത്തന്നെ ധാരാളം.

പ്രകൃതിയിലേയ്ക്ക് ഇടയ്ക്കെങ്കിലും തിരിച്ചു പോകാന്‍. . അതിന്റെ മടിത്തട്ടിലേയ്ക്ക് നടന്നു ചെല്ലാന്‍ കിട്ടുന്ന ചെറിയ വലിയ അവസരങ്ങളിലൊന്നാണ് കാറ്റാടിക്കടവ്.

മുവാറ്റുപുഴയില്‍ നിന്ന് വണ്ണപ്പുറം- കട്ടപ്പന റൂട്ടിലുള്ളതാണ് കാറ്റാടിക്കടവ്.

We use cookies to give you the best possible experience. Learn more