ഭോപ്പാല്‍: ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ ആയുഷ്മാന്‍ കാര്‍ഡ് പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ നിഷേധിച്ചതായി പരാതി. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് വാഗ്‌ദാനം നൽകിയാണ് മോഡി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കിയത്.
എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി. നേതാവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിപോലും പദ്ധതി ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മധ്യപ്രദേശിലെ സിദ്ധി ജില്ലാ ബി.ജെ.പി. അധ്യക്ഷന്‍ ഡോക്ടർ രാജേന്ദ്ര മിശ്രയുടെ ഉടമസ്ഥതയിലുള്ള മിശ്ര നഴ്‌സിങ് ഹോം ആന്റ് ഡയഗനോസ്റ്റിക് സെന്ററിലാണ് സംഭവം. ആദിവാസി വിഭാഗങ്ങള്‍ കൂടുതലുള്ള സിധി ജില്ലയില്‍ 1.71 ലക്ഷം പേര്‍ക്കാണ് ആയുഷ്മാന്‍ പദ്ധതി പ്രകാരം കാര്‍ഡ് ലഭിച്ചത്.
ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളുമായി രോഗികള്‍ എത്തുമ്പോള്‍ തന്നെ ബില്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമാണ് ആശുപത്രി അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. പദ്ധതി പ്രകാരം തുക ലഭിക്കുമ്പോള്‍ തിരികെ നല്‍കാമെന്നാണ് ഇവരോട് ആശുപത്രി അധികൃതര്‍ പറയുന്നത്.
ചികിത്സാ തുക അടയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ ജില്ലാ ആശുപത്രിയില്‍ പോകാനും ആശുപത്രി ജീവനക്കാർ രോഗികളോട് പറയുന്നുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ഷോപ്പിന്റെ ലൈസന്‍സും രാമചന്ദ്ര മിശ്രയ്ക്കുണ്ട്. എന്നാൽ ഇവിടെയും ഇതിന്റെ ഗുണഫലം രോഗികളിലേക്ക് എത്തുന്നില്ല.