കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ചികിത്സാച്ചെലവ് വര്‍ധിപ്പിക്കാന്‍ നീക്കം. ശസ്ത്രക്രിയകള്‍ക്കും മറ്റു ചികില്‍സകള്‍ക്കുമുള്ള ഫീസ് 80 മുതല്‍ 120% വരെ വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
അടിസ്ഥാനസൗകര്യച്ചെലവുകള്‍ വര്‍ധിച്ചതാണ് ഫീസ് വര്‍ധനവിന് കാരണമായി പറയുന്നത്. ഇതിനു പിന്നാലെ, രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലുള്ള പകുതിയോളം ആശുപത്രികള്‍ ഇതോടെ ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കു പുറത്താകും. ഇന്‍ഷൂറന്‍സ് പ്രീമിയത്തിലും ഭാവിയില്‍ വന്‍ വര്‍ധന വന്നേക്കും.
Read: ജലന്ധര്‍ ബിഷപ്പിനെ കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ട്: ആരോപണവുമായി വൈദികന്‍
ചികില്‍സാച്ചെലവ് വര്‍ധിച്ചതോടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ആയിരുന്നു രോഗികളുടെ ആശ്രയം. ആശുപത്രികളില്‍ നിന്നുള്ള ക്ലെയിമുകളില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ എത്ര തുക അനുവദിക്കണമെന്ന് തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് തീരുമാനിക്കുന്നത്.
ഓരോ ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. ഈ നിരക്കുകളാണ് പുതുക്കി നിശ്ചയിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ഇന്‍ഷൂറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ആശുപത്രികള്‍ നിശ്ചയിച്ച തുക വളരെ കൂടുതലാണെന്ന് വിലയിരുത്തി പൊതുമേഖലാ കമ്പനികളാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക വെട്ടിച്ചുരുക്കാന്‍ നിര്‍ദേശിച്ചത്.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും ഇതേ പാത പിന്തുടര്‍ന്നേക്കും. ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം ചുരുക്കിയാല്‍ നിലവിലുള്ളതിന്റെ നേര്‍പകുതിയോ അതിന് താഴെയോ ആകും.