| Friday, 6th March 2015, 12:28 pm

'താരന്‍' മാറ്റാം, അടുക്കളയില്‍ നിന്നു തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരന്‍. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങള്‍.

എന്താണ് താരന്‍?

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണു താരന്‍. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സെബം ഉല്പാദിപ്പിക്കപ്പെടുന്നതുമൂലം താരന്‍ ഉണ്ടാകുന്നു.

എന്താണു താരനു കാരണം?

താരനുപ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ് പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലുകള്‍ ആണ്. ഇവ സാധാരണയായി ശിരോചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവമുണ്ടാക്കാത്ത ഒന്നാണ്. പക്ഷേ ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാകുന്നു.

ചില വിറ്റാമിനുകളുടെ കുറവ്- പ്രത്യേകിച്ച് ബി കോംപ്ലെക്‌സസിന്റെ കുറവ് താരനുകാരണമായെന്നു വരാം.

ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലവും താരനുണ്ടാകും. കൂടാതെ മദ്യപാനികള്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, എയ്ഡ്‌സ് രോഗികള്‍ എന്നിവരില്‍ താരന്‍ കൂടുതലായി കാണപ്പെടുന്നു.

താരന്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍:

തേങ്ങപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.

ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.

കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.

ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തില്‍ കലക്കി തല കഴുകുക.

പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.

തലമുടിയിലെ താരന്‍ പോകുന്നതിന് ഓരിലത്താമര താളിയാക്കി തലയില്‍ തേച്ച് കുളിക്കുക.

രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.
ഒരു രാത്രി മുഴുവനും അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്ത ശേഷം ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് തലയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.

We use cookies to give you the best possible experience. Learn more