| Friday, 10th May 2019, 7:52 am

യൂറോപ്യന്‍ ഭക്ഷണം നിരസിച്ചു; ജയില്‍ അധികൃതര്‍ പരിഗണിക്കുന്നത് മൃഗശാലയിലെ കുരങ്ങിനെപോലെ; ആരോപണവുമായി ക്രിസ്റ്റ്യന്‍ മിഷേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ജയിലിലെ ഭക്ഷണം കഴിച്ചതിന് ശേഷം തൂക്കം കുറഞ്ഞുവെന്നും ജയില്‍ അധികൃതര്‍ തന്നെ കുരങ്ങിനെപോലെയാണ് പരിഗണിക്കുത്തതെന്നും അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതി. പരാതിക്ക്
പിന്നാലെ സ്‌പെഷ്യല്‍ സി.ബി.ഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് ദല്‍ഹി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

താന്‍ യുറോപ്യന്‍ ഭക്ഷണം ആവശ്യപ്പെട്ടെന്നും എന്നാല്‍ അത് ജയില്‍ അധികൃതര്‍ നിരസിച്ചുവെന്നും തന്നെ മൃഗശാലയിലെ കുരങ്ങിനെപോലെയാണ് കണക്കാക്കുന്നതെന്നുമാണ് മിഷേലിന്റെ പരാതി.

ഒപ്പം കഴിയുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതിയിലുണ്ട്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016ല്‍ മിഷേലിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം.

ദുബായില്‍ താമസിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളും ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ജൂലൈ 29ന് ഇയാള്‍ ആദ്യമായി കോടതിയില്‍ നേരിട്ടു ഹാജരായി. യു.പി.എ സര്‍ക്കാരിന്റെ കാലത്താണു കോപ്റ്റര്‍ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃകമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു പണം വെട്ടിച്ചെന്നാണ് ആരോപണം.

We use cookies to give you the best possible experience. Learn more