തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി
national news
തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 9:00 pm

ചെന്നൈ: തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീ-പുരുഷ കാറ്റഗറിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസ് വി. ഭവാനി സുബ്ബറോയന്‍ ആണ് വിധി പുറപ്പെടുവിച്ചത്. തൊഴില്‍ വിദ്യാഭ്യാസ രംഗത്ത് ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രത്യേക വിഭാഗമായി കാണണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

ട്രാന്‍സ്‌ജെന്‍ഡറിനെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കാനും അവരുടെ കട്ട് ഓഫ് മാര്‍ക്കിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കാനും എല്ലാ റിക്രൂട്ടിങ് ഏജന്‍സികളോടും സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പ്രായത്തിലും ഇനിമുതല്‍ ഇളവ് നല്‍കും. ഭാവിയില്‍ ഒരിക്കലും സ്ത്രീ-പുരുഷ കാറ്റഗറിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് കൊണ്ട് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍. അനുശ്രീ എന്ന ട്രാന്‍സ് വുമണ്‍ നല്‍കിയ പരാതിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. പട്ടികജാതി-സിത്രീ വിഭാഗത്തിലായിരുന്നു തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ വിഭാഗത്തിനുള്ള കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവ് മാര്‍ക്കാണ് നേടിയതെന്ന് കാട്ടി ഇവരെ പരീക്ഷയില്‍ നിന്ന് വിലക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുശ്രി കോടതിയെ സമീപിച്ചത്.

Content Highlight: Treat transgenders as special category for employment, education: Madras HC