| Thursday, 12th September 2024, 1:15 pm

ഞാനിപ്പോൾ കിടിലന്‍ ഫോമിലാണ്, ഇനിയും അങ്ങനെ തന്നെയായിരിക്കും: ഓസ്ട്രേലിയന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട്- ഓസ്ട്രേലിയ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് 28 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ദി ഏജസ് ബൗളില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറില്‍ 151 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസ്ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡ് അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 23 പന്തില്‍ 59 റണ്‍സ് നേടിയാണ് ഹെഡ് തിളങ്ങിയത്. 256.52 സ്ട്രൈക്ക് റേറ്റില്‍ എട്ട് ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്.

മത്സരശേഷം തന്റെ മികച്ച ബാറ്റിങ്ങിനെക്കുറിച്ച് ഹെഡ് സംസാരിച്ചു. തന്റെ ഇപ്പോഴുള്ള ഈ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതേ പോലെ തുടരുമെന്നാണ് ഹെഡ് പറഞ്ഞത്.

‘എല്ലാ തവണയും ഈ പ്രകടനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ ഇപ്പോള്‍ ഞാന്‍ മികച്ച ഫോമിലാണ്. അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഓരോ അവസരവും കൃത്യമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്,’ ട്രാവിസ് ഹെഡ് പറഞ്ഞു.

ഈ വര്‍ഷം തകര്‍പ്പന്‍ പ്രകടനമാണ് ഹെഡ് ടി-20യില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കുട്ടി ക്രിക്കറ്റില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 508 റണ്‍സാണ് ഹെഡ് ഈ കലണ്ടര്‍ ഇയറിൽ നിലവിൽ നേടിയിട്ടുള്ളത്.

39.07 ആവറേജിലും 176.3 പ്രഹര ശേഷിയിലുമാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഈ വര്‍ഷം ബാറ്റ് വീശിയത്. താരത്തിന്റെയും മിന്നും പ്രകടനം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

മത്സരത്തില്‍ ഹെഡിന് പുറമേ മാറ്റ് ഷോര്‍ട്ട് 26 പന്തില്‍ 41 റണ്‍സും ജോഷ് ഇംഗ്ഗില്‍സ് 27 പന്തില്‍ 37 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ലിയാം ലിവിങ്സ്റ്റണ്‍ മൂന്ന് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സാക്കിബ് മഹമൂദ് രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഓസ്ട്രേലിയക്കായി ഷോണ്‍ ആബട്ട് മൂന്ന് വിക്കറ്റും ആദം സാംപ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി നിര്‍ണായകമായി. സേവ്യര്‍ ബാര്‍ട്ടെലറ്റ്, മാര്‍ക്കസ് സ്റ്റോണിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ലിയാം ലിവിങ്സ്റ്റണ്‍ 27 പന്തില്‍ 37 റണ്‍സും ക്യാപ്റ്റന്‍ ഫില്‍ സാള്‍ട്ട് 12 പന്തില്‍ 20 നേടി മികച്ച ചെറുത്ത്നില്‍പ്പ് നടത്തി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് കങ്കാരുപടക്ക് സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. സോഫിയ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Travis Head Talks About His Bating Performance

We use cookies to give you the best possible experience. Learn more