ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കാണ് കഴിഞ്ഞ ദിവസം ട്രെന്റ് ബ്രിഡ്ജില്‍ തുടക്കമായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് നോട്ടിങ്ഹാംഷെയറില്‍ നടന്നത്. മത്സരത്തില്‍ സന്ദര്‍ശകര്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 316 റണ്‍സിന്റെ വിജയലക്ഷ്യം 36 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ഓസീസ് മറികടന്നു. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെയും മാര്‍നസ് ലബുഷാന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഓസീസ് ജയിച്ചുകയറിയത്.
ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും ഓസീസിനായി. ഏകദിനത്തില്‍ ഏറ്റവുമധികം തവണ 300+ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ഓസീസ്. ഇംഗ്ലണ്ടിനൊപ്പം നിലവില്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ് കങ്കാരുക്കള്‍.
ഏകദിനത്തില്‍ ഏറ്റവുമധികം തവണ 300+ ടോട്ടല്‍ പിന്തുടര്‍ന്ന് വിജയിച്ച ടീമുകള്‍
(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
ഇന്ത്യ – 18
ഓസ്‌ട്രേലിയ – 13*
ഇംഗ്ലണ്ട് – 13
ശ്രീലങ്ക – 11
പാകിസ്ഥാന്‍ – 11
ന്യൂസിലാന്‍ഡ് – 10
സൗത്ത് ആഫ്രിക്ക – 7
ബംഗ്ലാദേശ് – 5
സിംബാബ്‌വേ – 5
അയര്‍ലന്‍ഡ് – 4
വെസ്റ്റ് ഇന്‍ഡീസ് – 2
യു.എ.ഇ – 2
നേരത്തെ, മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ബെന്‍ ഡക്കറ്റിന്റെയും വില്‍ ജാക്‌സിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ആദ്യ വിക്കറ്റില്‍ 48 റണ്‍സാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ചേര്‍ന്ന് സ്വന്തമാക്കിയത്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഫില്‍ സോള്‍ട്ടിനെ പുറത്താക്കി ബെന്‍ ഡ്വാര്‍ഷ്യൂസാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തില്‍ 17 റണ്‍സ് നേടി നില്‍ക്കവെയാണ് സോള്‍ട്ട് പുറത്തായത്.
പിന്നാലെയെത്തിയ വില്‍ ജാക്‌സിനെ ഒപ്പം കൂട്ടി ഡക്കറ്റ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ഇംഗ്ലീഷ് സ്‌കോറിന് അടിത്തറയൊരുക്കയത്.
ടീം സ്‌കോര്‍ 168ല്‍ നില്‍ക്കവെ വില്‍ ജാക്‌സാണ് രണ്ടാം വിക്കറ്റായി മടങ്ങിയത്. 56 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്.
ഡക്കറ്റ് പുറത്തായെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ ഒപ്പം കൂട്ടി ഡക്കറ്റ് വീണ്ടും സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. ക്യാപ്റ്റനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഡക്കറ്റ് സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെ വീണത്.
91 പന്തില്‍ 95 റണ്‍സ് നേടിയാണ് ഡക്കറ്റ് പുറത്തായത്. മാര്‍നസ് ലബുഷാന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് ഡക്കറ്റ് അര്‍ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ വീണത്.
ഹാരി ബ്രൂക് (31 പന്തില്‍ 39), ജേകബ് ബേഥല്‍ (34 പന്തില്‍ 35) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഒടുവില്‍ അവസാന ഓവറിലെ നാലാം പന്തില്‍ ഇംഗ്ലണ്ടിന് പത്താം വിക്കറ്റും നഷ്ടമായി. 315 റണ്‍സാണ് ആ സമയത്ത് ടോട്ടലില്‍ ഉണ്ടായിരുന്നത്.
കങ്കാരുക്കള്‍ക്കായി ആദം സാംപയും മാര്‍നസ് ലബുഷാനും മൂന്ന് വിക്കറ്റ് വീതം നേടി. ട്രാവിസ് ഹെഡ് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ബെന്‍ ഡ്വാര്‍ഷ്യൂസും മാറ്റ് ഷോര്‍ട്ടും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പുറത്തായി, 14 പന്തില്‍ പത്ത് റണ്‍സാണ് താരം നേടിയത്.
എന്നാല്‍ ഓപ്പണറായ ട്രാവിസ് ഹെഡ് രണ്ടും കല്‍പിച്ചായിരുന്നു. വണ്‍ ഡൗണായെത്തിയ സ്റ്റീവ് സ്മിത്തിനെയും നാലാം നമ്പറിലെത്തിയ കാമറൂണ്‍ ഗ്രീനിനെയും ഒപ്പം കൂട്ടി ഹെഡ് തകര്‍ത്തടിച്ചു. 32 റണ്‍സ് വീതം നേടിയാണ് സ്മിത്തും ഗ്രീനും കളം വിട്ടത്.
എന്നാല്‍ മാര്‍നസ് ലബുഷാന്‍ ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു. ഒരു വശത്ത് നിന്നും ഹെഡും മറുവശത്ത് നിന്നും ലബുഷാനും മാറി മാറി ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലിയൊതുക്കി.
ഒടുവില്‍ 44 ഓവറില്‍ കങ്കാരുക്കള്‍ വിജയലക്ഷ്യം മറികടന്നു.
ഹെഡ് 129 പന്തില്‍ 154 റണ്‍സ് നേടി പുറത്താകാതെ നിന്നു. അഞ്ച് സിക്‌സറും 20 ഫോറും അടക്കം 119.38 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഹെഡ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 61 പന്തില്‍ പുറത്താകാതെ 77 റണ്‍സാണ് ലബുഷാന്‍ നേടിയത്.
നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ഹെഡിങ്‌ലിയാണ് വേദി.
സ്റ്റാറ്റ്‌സ്: ഷെബാസ്
Content Highlight: Travis Head smashes century, Australia wins against England