2023 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍ ബാറ്റിങ് തുടരുകയാണ്. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് വിജയത്തിലേക്ക് അടിവെച്ചടുക്കുന്നത്.
95 പന്ത് നേരിട്ടാണ് ഹെഡ് തന്റെ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്. 14 ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഹെഡ് ഇന്ത്യക്കെതിരെ ഒരു ഐ.സി.സി ഇവന്റില്‍ സെഞ്ച്വറി നേടുന്നത്. നേരത്തെ ഇംഗ്ലണ്ട് വേദിയായ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഹെഡ് സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
ഓസീസ് ആദ്യ ഇന്നിങ്‌സില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് ഹെഡിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു. 163 റണ്‍സാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ കങ്കാരുക്കളുടെ വിജയത്തിന് കാരണമായതും ഹെഡിന്റെ സെഞ്ച്വറി തന്നെയായിരുന്നു.
ഈ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും ഹെഡിനെ തന്നെയായിരുന്നു.
ഇപ്പോള്‍ ഐ.സി.സി ലോകകപ്പിന്റെ ഫൈനലിലും ഹെഡ് ഇന്ത്യന്‍ ആരാധകരെ കരയിപ്പിക്കുകയാണ്.
ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ചുകൊണ്ടാണ് ഹെഡ് തുടങ്ങിയത്. ഇതിന് പുറമെ സൗത്ത് ആഫ്രിക്കക്കെതിരായ സെമി ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 200 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 37 ഓവര്‍ പിന്നിടുമ്പോള്‍ 204 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.
107 പന്തില്‍ 117 റണ്‍സുമായി ട്രാവിസ് ഹെഡും 88 പന്തില്‍ 43 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.
Content highlight: Travis Head scored century against India