മേജര്‍ ലീഗ് ക്രിക്കറ്റില്‍ വീണ്ടും അര്‍ധ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. ഇന്ന് ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനെതിരായ മത്‌സരത്തില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിന് വേണ്ടിയാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി നേട്ടം.
44 പന്തില്‍ പുറത്താകാതെ 77 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 175.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഹെഡിന്റെ കരുത്തില്‍ വാഷിങ്ടണ്‍ വിജയിക്കുകയും ചെയ്തു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യൂണികോണ്‍സ് ഹസന്‍ ഖാന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 145 റണ്‍സ് നേടി. 36 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്. 19 പന്തില്‍ 26 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കോറി ആന്‍ഡേഴ്‌സണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
വാഷിങ്ടണ്ണിനായി രചിന്‍ രവീന്ദ്ര നാല് വിക്കറ്റ് നേടിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റും നേടി. രണ്ട് വിക്കറ്റ് നേടിയ സൗരഭ് നേത്രാവല്‍ക്കറും ശേഷിക്കുന്ന വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസനും യൂണികോണ്‍സിന്റെ പതനം വേഗത്തിലാക്കി.
ട്രാവിസ് ഹെഡിനൊപ്പം അര്‍ധ സെഞ്ച്വറിയുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും കത്തിക്കയറിയപ്പോള്‍ ഫ്രീഡം 27 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കി.
ഹെഡിനെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്.
‘ഫോര്‍മാറ്റ് ഏതാണെങ്കിലും കളിക്കുന്നത് ഏത് ടൂര്‍ണമെന്റിലാണെങ്കിലും ഞാന്‍ തകര്‍ത്തടിക്കും’ എന്ന ഹെഡിന്റെ ആറ്റിറ്റിയൂഡിന് മേജര്‍ ലീഗ് ക്രിക്കറ്റും സാക്ഷ്യം വഹിക്കുകയാണ്. ടൂര്‍ണമെന്റില്‍ അവസാനം കളിച്ച അഞ്ച് മത്സരത്തിലും ഹെഡ് അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.
ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിനെതിരെ അര്‍ധ സെഞ്ച്വറി നേടിക്കൊണ്ടാണ് ഹെഡ് ഈ സ്ട്രീക്കിന് തുടക്കമിട്ടത്. 32 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. എം.ഐ ന്യൂയോര്‍ക്കിനെതിരെ 94 റണ്‍സിന് ജയിച്ച മത്സരത്തിലും ഹെഡിന്റെ ബാറ്റ് സംഹാര താണ്ഡവമായിടിയിരുന്നു. 33 പന്തില്‍ 54 റണ്‍സാണ് ഹെഡ് അടിച്ചുകൂട്ടിയത്.
ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെതിരെ 22 പന്തില്‍ 53 റണ്‍സടിച്ച ഹെഡ് സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനെതിരെ 36 പന്തില്‍ 56 റണ്‍സും നേടി.
എന്നാല്‍ ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തില്‍ യൂണികോണ്‍സിനോട് മഴനിയമത്തില്‍ പരാജയപ്പെട്ടതിന്റെ പ്രതികാരം പ്ലേ ഓഫിലാണ് ഹെഡും ടീമും തീര്‍ത്തത്. 27 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെയായിരുന്നു ഫ്രീഡം വിജയം സ്വന്തമാക്കിയത്.
തുടര്‍ച്ചയായ അഞ്ച് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഹെഡിനെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരമെന്ന നേട്ടമാണ് ഹെഡ് സ്വന്തമാക്കിയത്.
2019 ഐ.പി.എല്ലില്‍ ഡേവിഡ് വാര്‍ണറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു വാര്‍ണറിന്റെ അര്‍ധ സെഞ്ച്വറി നേട്ടങ്ങള്‍ പിറവിയെടുത്തത്.
കിങ്‌സ് ഇലവന്‍ പഞ്ചാബ് (62 പന്തില്‍ 70), ദല്‍ഹി ക്യാപ്പിറ്റല്‍സ് (47 പന്തില്‍ 51), ചെന്നൈ സൂപ്പര്‍ കിങ്‌സ് (25 പന്തില്‍ 50), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (38 പന്തില്‍ 67), ചെന്നൈ സൂപ്പര്‍ കിങ്‌സ് (45 പന്തില്‍ 57) എന്നിവര്‍ക്കെതിരെയായിരുന്നു വാര്‍ണറിന്റെ അര്‍ധ സെഞ്ച്വറി നേട്ടം.
വാര്‍ണറിനും സേവാഗിനും ബട്‌ലറുമടക്കം നിരവധി താരങ്ങള്‍ക്കൊപ്പം ഏറ്റവുമധികം ടി-20 മത്സരത്തില്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളഉടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹെഡ്. മേജര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ മറ്റൊരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ ഇവരെ എല്ലാവരെയും മറികടന്ന് ഒറ്റയ്ക്ക് രണ്ടാം സ്ഥാനത്തെത്താനും താരത്തിനാകും.
തുടര്‍ച്ചയായ ഏഴ് ടി-20കളില്‍ അര്‍ധ സെഞ്ച്വറി നേടിയ റിയാന്‍ പരാഗാണ് ഈ പട്ടികയില്‍ ഒന്നാമത്. 2023 സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിന് വേണ്ടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ബീഹാര്‍ (61 റണ്‍സ്), സര്‍വീസസ് (76* റണ്‍സ്), സിക്കിം (53* റണ്‍സ്), ചണ്ഡിഗഢ് (76 റണ്‍സ്), ഹിമാചല്‍പ്രദേശ് (72 റണ്‍സ്), കേരളം (57* റണ്‍സ്), ബംഗാള്‍ (50* റണ്‍സ്) എന്നവരാണ് പരാഗിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.
Content Highlight: Travis Head scored 5 consecutive half centuries in Major League Cricket