ഒന്നുകില്‍ ഇവന് ടീം മാറിപ്പോയി, അല്ലെങ്കില്‍ ഫോര്‍മാറ്റ് മാറിപ്പോയി; ട്രോളുകളില്‍ നിറഞ്ഞ് ഹെഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന് ഓവലില്‍ തുടക്കമായിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ രാജാക്കന്‍മാരുടെ കിരീടമെടുത്തണിയാനൊരുങ്ങി ഇന്ത്യയും ഓസീസും പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. മികച്ച സ്‌ക്വാഡുമായി ഇംഗ്ലണ്ടിലെത്തിയ ഇരുവരും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തങ്ങളുടെ ബെസ്റ്റ് ഇലവനെ തന്നെയാണ് കളത്തിലിറക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിലേ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ നഷ്ടമായിരുന്നു. പത്ത് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെയാണ് ഖവാജ മടങ്ങിയത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത്തിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ മാര്‍നസ് ലബുഷാനും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരുടെയും മികച്ച കൂട്ടുകെട്ടായിരുന്നു ആദ്യ സെഷന്റെ ഹൈലൈറ്റ്. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ ആ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യ ആവശ്യമായ ബ്രേക് ത്രൂ സ്വന്തമാക്കിയിരുന്നു.

ലഞ്ചിന് പിരിയാന്‍ എട്ട് പന്ത് ബാക്കി നില്‍ക്കവെയാണ് വാര്‍ണര്‍ പുറത്തായത്. ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഭരത് തന്നെയാണ് ക്യാച്ചെടുത്ത് താരത്തെ മടക്കിയത്. ലഞ്ചിന് തൊട്ടുപിന്നാലെ ലബുഷാനെ പുറത്താക്കി മുഹമ്മദ് ഷമിയും ഇന്ത്യക്കായി തിളങ്ങി.

ലബുഷാന് ശേഷം സൂപ്പര്‍ താരം ട്രാവിസ് ഹെഡ് കളത്തിലിറങ്ങിയതോടെ ഓസീസിന്റെ സ്‌കോറിങ് പാറ്റേണ്‍ തന്നെ മാറി. ഇന്ത്യന്‍ ബൗളര്‍മാരെ അറ്റാക് ചെയ്ത് കളിച്ച ഹെഡ് വളരെ വേഗം സ്‌കോര്‍ ഉയര്‍ത്തി. പലപ്പോഴും താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് നൂറോ നൂറിനോട് അടുപ്പിച്ചോ ആയിരുന്നു.

ഹെഡിന്റെ തകര്‍പ്പന്‍ വെടിക്കെട്ടിന് പിന്നാലെ താരത്തിന് അഭിനന്ദനങ്ങളും താരത്തിന്റെ ബാറ്റിങ് ഉള്‍പ്പെടുത്തി ട്രോളുകളും ഉയരുകയാണ്.

താന്‍ കളിക്കുന്നത് ടെസ്റ്റ് ആണെന്ന കാര്യം ഹെഡിന് മറന്നുപോയെന്ന് ചിലര്‍ പറയുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഹെഡ് കളിക്കുന്നതെന്നാണ് ചിലര്‍ പറയുന്നുന്നത്. വരാനുള്ള ആഷസില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇപ്പോഴേ ട്രാവിസ് ഹെഡ് സജ്ജനാണെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഓസീസ് 170ന് മൂന്ന് എന്ന നിലയിലാണ്. 102 പന്തില്‍ നിന്നും 33 റണ്‍സുമായി സ്റ്റീവ് സ്മിത്തും 75 പന്തില്‍ നിന്നും 60 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

Content Highlight: Travis Head’s brilliant batting performance in WTC final

Latest Stories