ടി-20 ഫോര്‍മാറ്റിലെ തന്റെ വെടിക്കെട്ട് തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റായാലും ഫ്രാഞ്ചൈസി ലീഗായാലും എതിര്‍ ടീം ബൗളര്‍മാരെ അടിച്ചുകൂട്ടുന്നതാണ് താരത്തിന്റെ ശീലം.
ദിവസങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര തലത്തില്‍ സ്‌കോട്‌ലാന്‍ഡിനെ അവരുടെ നാട്ടിലെത്തി പഞ്ഞിക്കിട്ട അതേ ഡോമിനന്‍സ് തന്നെയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെയും താരം പുറത്തെടുത്തതത്. പവര്‍പ്ലേ ഓവറുകളില്‍ തന്നെ അര്‍ധ സെഞ്ച്വറിടിച്ചാണ് ഹെഡ് സ്‌കോര്‍ ബോര്‍ഡിന്റെ കാവലാളാകുന്നത്.
ഇംഗ്ലണ്ടിനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയടക്കം ഏഴ് തവണയാണ് 2024ല്‍ മാത്രമായി ഹെഡ് പവര്‍പ്ലേയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അതില്‍ നാലെണ്ണവും ഐ.പി.എല്ലിലാണ് പിറവിയെടുത്തത്.
2024ല്‍ പവര്‍പ്ലേയില്‍ ട്രാവിസ് ഹെഡ് നേടിയ അര്‍ധ സെഞ്ച്വറികള്‍ – ഫൈനല്‍ സ്‌കോര്‍ എന്നീ ക്രമത്തില്‍
ഐ.പി.എല്‍ 2024 (സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി)
ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 16 പന്തില്‍ അര്‍ധ സെഞ്ച്വറി – 89 (32)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 16 പന്തില്‍ അര്‍ധ സെഞ്ച്വറി – 89* (30)
മുംബൈ ഇന്ത്യന്‍സിനെതിരെ 18 പന്തില്‍ അര്‍ധ സെഞ്ച്വറി – 62 (24)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 20 പന്തില്‍ അര്‍ധ സെഞ്ച്വറി – 102 (41)
മേജര്‍ ലീഗ് ക്രിക്കറ്റ് 2024 (വാഷിങ്ടണ്‍ ഫ്രീഡത്തിന് വേണ്ടി)
ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെതിരെ 20 പന്തില്‍ അര്‍ധ സെഞ്ച്വറി – 53 (22)
അന്താരാഷ്ട്ര തലത്തില്‍
സ്‌കോട്‌ലാന്‍ഡിനെതിരെ 19 പന്തില്‍ അര്‍ധ സെഞ്ച്വറി – 80 (25)
ഇംഗ്ലണ്ടിനെതിരെ 19 പന്തില്‍ അര്‍ധ സെഞ്ച്വറി – 59 (23)
ഇതിന് പുറമെ 2024ല്‍ ഇതുവരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ട്രാവിസ് ഹെഡ്. ഓസ്‌ട്രേലിയ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, വാഷിങ്ടണ്‍ ഫ്രീഡം എന്നിവര്‍ക്കായി കളത്തിലിറങ്ങിയ 38 മത്സരത്തില്‍ നിന്നും 41.50 ശരാശരയില്‍ 1,411 റണ്‍സാണ് ഹെഡ് നേടിയത്.
181.36 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയിലെ ആദ്യ 25 സ്ഥാനക്കാരിലും 1000 റണ്‍സ് പൂര്‍ത്തിയാക്കിവരിലും ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് ഹെഡിന്റേതാണ്.
ആകെ നേടിയ 1,411 റണ്‍സില്‍ 1,027 റണ്‍സും ആദ്യ ആറ് ഓവറുകളില്‍ നിന്നാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. മറ്റൊരു താരത്തിനും തന്നെ പവര്‍പ്ലേയില്‍ 850 റണ്‍സ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
2024ല്‍ ടി-20 പവര്‍പ്ലേയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റ് – റണ്‍സ് എന്നീ ക്രമത്തില്‍)
ട്രാവിസ് ഹെഡ് – 38 – 192.32 – 1,027
(ഓസ്‌ട്രേലിയ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, വാഷിങ്ടണ്‍ ഫ്രീഡം)
ഫില്‍ സോള്‍ട്ട് – 44 – 173.73 – 827
(ഡെസേര്‍ട്ട് വൈപ്പേഴ്‌സ്, ഇംഗ്ലണ്ട്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലങ്കാഷെയര്‍ ലൈറ്റ്‌നിങ്‌സ്, പ്രിട്ടോറിയ ക്യാപ്റ്റല്‍സ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്)
ഫാഫ് ഡു പ്ലെസി – 38 – 156.09 – 807
(ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ടെക്‌സസ് സൂപ്പര്‍ കിങ്‌സ്, സെന്റ് ലൂസിയ കിങ്‌സ്)
അതേസമയം, ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിനാണ് ഹെഡ് കച്ച മുറുക്കുന്നത്. വെള്ളിയാഴ്ച സോഫിയ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് മാച്ച് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: Travis Head’s brilliant batting in powerplay