സ്‌കോട്‌ലാന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം സൃഷ്ടിച്ചാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. എതിരാളികളെ നിഷ്പ്രഭരാക്കി ടി-20 റെക്കോഡുകള്‍ തകര്‍ത്തും പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചുമാണ് ഓസ്‌ട്രേലിയ ദി ഗ്രാന്‍ജ് ക്ലബ്ബ് കീഴടക്കിയത്.
ട്രാവിസ് ഹെഡിന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് കങ്കാരുക്കള്‍ വിജയിച്ചുകയറിയത്. സ്‌കോട്‌ലാന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം 9.4 ഓവറിലാണ് സന്ദര്‍ശകര്‍ മറികടന്നത്. 25 പന്തില്‍ 80 റണ്‍സ് നേടിയാണ് ഹെഡ് ടീമിന്റെ വിജയശില്‍പിയായത്.
A statement win from Australia in Edinburgh! #SCOvAUS
Full scorecard: https://t.co/p1Sdrxn4V2 pic.twitter.com/ok1QqABaup
— cricket.com.au (@cricketcomau) September 4, 2024
സ്‌കോട്ടിഷ് സൂപ്പര്‍ താരം മാര്‍ക് വാട്ടിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്ന ട്രാവിസ് ഹെഡിന്റെ വാക്കുകളാണ് രണ്ടാം മത്സരത്തിന് മുമ്പ് വീണ്ടും ചര്‍ച്ചയാകുന്നത്.
‘ഈ ആഴ്ച ഞങ്ങള്‍ പലതും നേടാനുറച്ചുതന്നെയാണ്. ഒരു മത്സരമല്ല, ഈ പരമ്പര തന്നെ വിജയിക്കാനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്,’ എന്നായിരുന്നു വാട്ട് പറഞ്ഞത്.
ആദ്യ മത്സരം വിജയിച്ച ശേഷമാണ് ഹെഡ് ഇതിന് മറുപടി നല്‍കിയത്.
‘ടീമംഗങ്ങള്‍ക്കൊപ്പം കാറിലിരുന്നാണ് ഞാന്‍ വാട്ടിന്റെ (മാര്‍ക് വാട്ട്) പ്രസ്താവന വായിക്കുന്നത്. ഞങ്ങള്‍ ചെറുതായി ചിരിച്ചു. എന്നാല്‍ അങ്ങനെയാകട്ടെ, ലെറ്റ്ഡ് ഡു ദിസ് എന്നായി ഞാന്‍,’ ട്രാവിസ് ഹെഡ് പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.
തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ റിച്ചാര്‍ഡ് ബെറിങ്ടണ്‍ അടക്കമുള്ളവരുടെ ചെറിയ ചെറിയ ഇന്നിങ്സുകളാണ് ടീമിന് ഡീസന്റ് ടോട്ടല്‍ സമ്മാനിച്ചത്.
ജോര്‍ജ് മുന്‍സി (16 പന്തില്‍ 28), വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് (21 പന്തില്‍ 27), റിച്ചി ബെറിങ്ടണ്‍ (20 പന്തില്‍ 23), ബ്രാന്‍ഡന്‍ മാക്മുള്ളന്‍ (15 പന്തില്‍ 19) എന്നിവരാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ 13 പന്തില്‍ 16 റണ്‍സ് നേടിയ മാര്‍ക് വാട്ടും എട്ട് പന്തില്‍ പത്ത് റണ്‍സടിച്ച ജാക് ജാര്‍വിസും തങ്ങളുടേതായ സംഭവാനകള്‍ നല്‍കി. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154ല്‍ സ്‌കോട്‌ലാന്‍ഡ് ഇന്നിങ്സ് അവസാനിപ്പിച്ചു.
We finish our innings on 1️⃣5️⃣4️⃣-9️⃣ 🏴#FollowScotland | #SCOvAUS pic.twitter.com/FgVzFZuEmM
— Cricket Scotland (@CricketScotland) September 4, 2024
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്ക് നേരിട്ട മൂന്നാം പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെ മടങ്ങി.
സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയ പിന്നാലെ തങ്ങള്‍ ആരാണെന്നും എന്താണെന്നും എതിരാളികള്‍ക്ക് കാണിച്ചുകൊടുത്തു. മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ ഒപ്പം കൂട്ടി ട്രാവിസ് ഹെഡ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ഒരു വശത്ത് നിന്നും ഹെഡ് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് നിന്ന് മാര്‍ഷും തന്റെ ജോലി ഗംഭീരമാക്കി.
An amazing day for Australia’s top order! 🤑💥 #SCOvAUS pic.twitter.com/lhwGDgv46h
— cricket.com.au (@cricketcomau) September 4, 2024
ഒന്നിന് പിന്നാലെ ഒന്നായി സിക്സറുകളും ഫോറും പിറന്നപ്പോള്‍ പവര്‍പ്ലേയില്‍ 113 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ടീം എന്ന നേട്ടവും ഇതോടെ കങ്കാരുക്കള്‍ തങ്ങളുടെ പേരില്‍ കുറിച്ചു.
എന്നാല്‍ അധികം വൈകാതെ ഇരുവരും പുറത്തായി. ഹെഡ് 25 പന്തില്‍ 80 റണ്‍സ് നേടി പുറത്തായി. അഞ്ച് സിക്സറും 12 ബൗണ്ടറിയുമാണ് തലയുടെ വിളയാട്ടത്തില്‍ ഉണ്ടായിരുന്നത്.
12 പന്തില്‍ 39 റണ്‍സാണ് മാര്‍ഷ് സ്വന്തമാക്കിയത്. അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഏഴാം ഓവറിലെ അവസാന പന്തില്‍ മാര്‍ഷ് പുറത്താകുമ്പോള്‍ വിജയത്തിന് വെറും 32 റണ്‍സ് മാത്രമകലെയായിരുന്നു ഓസീസ്. വിക്കറ്റ് കീപ്പര്‍ ജോസ് ഇംഗ്ലിസും മാര്‍കസ് സ്റ്റോയ്നിസും ചേര്‍ന്ന് അധികം പണിപ്പെടാതെ ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
സെപ്റ്റംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രാന്‍ജ് ക്ലബ്ബ് തന്നെയാണ് വേദി.
Content highlight: Travis head reacts to Mark Watt’s statement