ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ്. ഗില്‍ ക്രിക്കറ്റിലെ അടുത്ത തലമുറയിലെ സൂപ്പര്‍സ്റ്റാറായി മാറുമെന്നാണ് ഹെഡ് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം.
‘ശുഭ്മന്‍ ഗില്‍ അടുത്ത തലമുറയിലെ സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ പോവുന്ന താരമാണ്. ക്രിക്കറ്റിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങൾ അവന് അറിയാം. അവന്‍ തികച്ചും വിചിത്രനായ താരമാണ്,’ ഹെഡ് പറഞ്ഞു.
നിലവില്‍ ഗില്‍ ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടികൊണ്ടാണ് ഗില്‍ തിളങ്ങിയത്. 176 പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടിയാണ് ഗില്‍ ബംഗ്ലാദേശിനെതിരെ കളംനിറഞ്ഞു കളിച്ചത്. പത്ത് ഫോറുകളും നാല് സിക്‌സുമാണ് താരം നേടിയത്.
ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടവും ഗില്‍ സ്വന്തമാക്കിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഗില്‍ കൈപ്പിടിയിലാക്കിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സെഞ്ച്വറികളാണ് താരം നേടിയത്.
നാല് സെഞ്ച്വറികള്‍ വീതം നേടിയ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാല്‍, റിഷബ് പന്ത് എന്നിവരെ മറികടന്നു കൊണ്ടാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഒമ്പത് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.
ബംഗ്ലാദേശിനെതിരെയുള്ള പരമ്പര അവസാനിച്ചാല്‍ ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് പരമ്പരയുള്ളത്. ഇതില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക. ഓസ്ട്രേലിയന്‍ മണ്ണിലും താരത്തിന്റെ മിന്നും പ്രകടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Travis Head Praises Shubhman Gill