2015ല്‍ അത് സംഭവിച്ചു, മാര്‍ഷ് ട്രോഫിയില്‍ കാല്‍ കയറ്റിവെച്ചപ്പോള്‍ ആ ആശങ്കയുണ്ടായിരുന്നു: ട്രാവിസ് ഹെഡ്
Sports News
2015ല്‍ അത് സംഭവിച്ചു, മാര്‍ഷ് ട്രോഫിയില്‍ കാല്‍ കയറ്റിവെച്ചപ്പോള്‍ ആ ആശങ്കയുണ്ടായിരുന്നു: ട്രാവിസ് ഹെഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st December 2023, 8:57 pm

2023 ലോകകപ്പ് വിജയത്തിന് പിന്നാലെ ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷ് വിവാദങ്ങളിലകപ്പെട്ടിരുന്നു. തങ്ങള്‍ കളിച്ചുനേടിയ ലോകകപ്പ് ട്രോഫിക്ക് മേല്‍ കാല്‍ കയറ്റിവെച്ച് ഫോട്ടോയെടുത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്.

മാര്‍ഷിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. മാര്‍ഷ് ട്രോഫിയെ അപമാനിക്കുകയാണ് ചെയ്തതെന്നും താരത്തെ ഇനി ഇന്ത്യയില്‍ കളിപ്പിക്കരുതെന്നും ആവശ്യമുയര്‍ത്തിയിരുന്നു. മാര്‍ഷിനെതിരെ ഉത്തര്‍പ്രദേശില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക പോലും ഉണ്ടായിരുന്നു.

വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. മാര്‍ഷ് ട്രോഫിയില്‍ കാല്‍ കയറ്റിവെച്ചതില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നും ട്രോഫി ഒടിഞ്ഞുപോകുമോ എന്ന ഭയം മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ഹെഡ് പറഞ്ഞു.

‘ഞാനപ്പോള്‍ ഡ്രസ്സിങ് റൂമിലുണ്ടായിരുന്നു. അവന്റെ ദുര്‍ഗന്ധം വമിക്കുന്ന സോക്‌സിനേക്കാള്‍ ഞങ്ങള്‍ ആശങ്കപ്പെട്ടത് ട്രോഫിയെ കുറിച്ചോര്‍ത്താണ്. അത് പൊട്ടിപ്പോകുമോ എന്ന പേടി മാത്രമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്.

2015ല്‍ ഞങ്ങള്‍ ട്രോഫി ഇത്തരത്തില്‍ തകര്‍ത്തവരാണ്. അവന്റെ നാറുന്ന സോക്‌സായിരുന്നു പ്രശ്‌നമെങ്കില്‍ ഞങ്ങള്‍ക്ക് അത്തരത്തില്‍ ഒരു ആശങ്കയുമില്ലായിരുന്നു,’ ഗില്‍ക്രിസ്റ്റുമായുള്ള സംഭാഷണത്തിനിടെ ഹെഡ് പറഞ്ഞു.

വിഷയത്തില്‍ മാര്‍ഷും പ്രതികരിച്ചിരുന്നു. താന്‍ ട്രോഫിയോട് ഒരു തരത്തിലുമുള്ള അനാദരവും കാണിച്ചിട്ടില്ല എന്നാണ് മാര്‍ഷ് പറഞ്ഞത്.

ആ ഫോട്ടോയില്‍ യാതൊരു അനാദരവും ഉണ്ടായിരുന്നില്ല. ഞാന്‍ അത് അധികം ചിന്തിച്ചിട്ടുപോലുമില്ല. അത് കൈവിട്ടുപോയെന്ന് എല്ലാവരും പറയുമ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പല പ്രതികരണങ്ങളും ഞാന്‍ കണ്ടിട്ടില്ല,’ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ഷ് പറഞ്ഞു. ഇനിയും ഇത്തരത്തില്‍ ചെയ്യുമോയെന്ന ചോദ്യത്തിന്, സത്യസന്ധമായും അതെ എന്നായിരുന്നു മാര്‍ഷ് മറുപടി നല്‍കിയത്.

അതേസമയം, ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയുടെ തിരക്കിലാണ് ഹെഡ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരം റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.

നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 174 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 29 പന്തില്‍ 46 റണ്‍സ് നേടിയ റിങ്കു സിങ്ങാണ് ടോപ് സ്‌കോറര്‍.

ഇരുടീമിനെയും സംബന്ധിച്ച് ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ 2-1ന് മുമ്പിലുള്ള ഇന്ത്യക്ക് കളി ജയിക്കാന്‍ സാധിച്ചാല്‍ സീരീസ് ഡിസൈഡറിന് മുമ്പ് പരമ്പര സ്വന്തമാക്കാം.

ആതേസമയം, പരമ്പരയിലൊപ്പമെത്താനും പരമ്പര കൈവിടാതിരിക്കാനുമാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

 

Content Highlight: Travis Head on Mitchell Marsh stepping on the trophy