ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡില്‍ നടക്കുകയാണ്. പിങ്ക് ബോളിലെ ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും 180 റണ്‍സിന് ഓള്‍ ഔട്ട് ആകുകയും ചെയ്തിരുന്നു. നിലവില്‍ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് നേടിയത്. ഇതോടെ ഓസീസ് 100+ ലീഡ് നേടിക്കഴിഞ്ഞു.
കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്രീസില്‍ തുടരുന്ന ട്രാവിസ് ഹെഡും വണ്‍ ഡൗണ്‍ ബാറ്റര്‍ മാര്‍നസ് ലബുഷാനുമാണ്. നിലവില്‍ 129 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 14 ഫോറും ഉള്‍പ്പെടെ 120* റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം ഇന്നിങ്‌സ് തുടരുന്നത്.
റെഡ് ബോളില്‍ തന്റെ എട്ടാം സെഞ്ച്വറിയാണ് ഹെഡ് സ്വന്തമാക്കിയത്. സെഞ്ച്വറിയോടെ താരം ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയതും. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓസീസ് താരമാകാനാണ് ഹെഡിന് സാധിച്ചത്.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓസീസ് താരം, സെഞ്ച്വറി, ഇന്നിങ്‌സ്
താരത്തിന് പുറമെ ലബുഷാന്‍ 126 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 64 റണ്‍സ് നേടിയാണ് പുറത്തായത്. ഇന്ത്യന്‍ യുവ ബൗളര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ജെയ്‌സ്വാള്‍ നേടിയ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം പുറത്തായത്.
ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (35 പന്തില്‍ 13), നഥാന്‍ മെക്സ്വീനി (109 പന്തില്‍ 39), സ്റ്റീവ് സ്മിത് (11 പന്തില്‍ 2) എന്നിവരെയാണ് ബുംറ പറഞ്ഞയച്ചത്.
ആറാമനായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് നേടിയത് ആര്‍. അശ്വിനാണ് 26 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ താരത്തെ കീപ്പര്‍ ക്യാച്ചില്‍ കുരുക്കുകയായിരുന്നു അശ്വിന്‍. അലക്‌സ് കാരിയുടെ വിക്കറ്റ് നേടി മുഹമ്മദ് സിറാജും വിക്കറ്റ് നേടി അക്കൗണ്ട് തുറന്നിട്ടുണ്ട്. 15 റണ്‍സിനാണ് അലക്‌സ് പുറത്തായത്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 37 റണ്‍സും ശുഭ്മന്‍ ഗില്‍ 31 റണ്‍സും നേടി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
Content highlight: Travis Head In Great Record Achievement In Adelaide Test Against India