ഗാബയില്‍ കൊടുങ്കാറ്റായി ട്രാവിസ് ഹെഡ്; തുടര്‍ച്ചയായ ഡക്കിന് ശേഷം തകര്‍പ്പന്‍ സെഞ്ച്വറി
Sports News
ഗാബയില്‍ കൊടുങ്കാറ്റായി ട്രാവിസ് ഹെഡ്; തുടര്‍ച്ചയായ ഡക്കിന് ശേഷം തകര്‍പ്പന്‍ സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th December 2024, 11:00 am

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടി ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. നേരിട്ട 115ാം പന്തില്‍ 101* റണ്‍സ് നേടിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 13 ഫോറുകള്‍ ഉള്‍പ്പെടെ 87.29 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ഗാബയില്‍ തിളങ്ങിയത്.

ഗാബയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ പൂജ്യം റണ്‍സിന് പുറത്തായ ഹെഡ് വമ്പന്‍ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. ഇന്ത്യയ്‌ക്കെതിരെ അഡ്‌ലെയ്ഡിലും താരം സെഞ്ച്വറി നേടി കരുത്ത് കാട്ടിയിരുന്നു. ഇതോടെ ഇന്ത്യയുടെ പേടി സ്വപ്നമായി മാറാനും ഹെഡിന് സാധിച്ചിരിക്കുകയാണ്.

താരത്തിന് പുറകെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തും മിന്നും പ്രകടനവുമായാണ് ക്രീസില്‍ തുടരുന്നത്. 149 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സാണ് താര നേടിയത്. ഇരുവരുടെയും 150+ പാര്‍ട്ണര്‍ഷിപ്പില്‍ ഓസീസ് മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. നിലവില്‍ ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ 70 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് കങ്കാരുപ്പട നേടിയത്.

ആദ്യ ദിനം മഴ മൂലം നിര്‍ത്തിവെച്ച മത്സരത്തിലെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് മോശം അവസ്ഥയാണ് നല്‍കിയത്.

എന്നിരുന്നാലും ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മെക്സ്വീനി (9) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് മാര്‍നസ് ലബുഷാന്‍ (12) നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലും കൂടാരം കയറി. നിലവില്‍ ക്രീസിലുള്ളത് സ്റ്റീവ് സ്മിത്തും (65*) ട്രാവിസ് ഹെഡുമാണ് (103*) ഇന്നിങ്‌സ് ഭരിക്കുന്നത്.

Content Highlight: Travis Head In Brilliant Century Against India At Gabba