വെറും ഒറ്റ ഓവറിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിന്റെ അന്തകന് ചരിത്രനേട്ടം
Cricket
വെറും ഒറ്റ ഓവറിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിന്റെ അന്തകന് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th September 2024, 7:53 am

ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 28 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ദി ഏജസ് ബൗളില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 19.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറില്‍ 151 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡ് അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 23 പന്തില്‍ 59 റണ്‍സ് നേടിയാണ് ഹെഡ് തിളങ്ങിയത്. 256.52 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളുമാണ് താരം നേടിയത്.

മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ഓവറില്‍ 30 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. മൂന്ന് വീതം സിക്‌സറുകളും ഫോറുകളുമാണ് ഹെഡ് സാമിന്റെ ഓവറില്‍ നേടിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും ഹെഡ് കൈപ്പിടിയിലാക്കി. ടി-20യില്‍ ഒരു ഓവറില്‍ 30+ റണ്‍സ് നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമെന്ന നേട്ടമാണ് ഹെഡ് സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഇത്തരത്തിലുള്ള നേട്ടം സ്വന്തമാക്കിയത് മൂന്ന് താരങ്ങള്‍ മാത്രമാണ്.

2005ല്‍ ന്യൂസിലാന്‍ഡ് താരം ഡാറില്‍ ടഫിക്കെതിരെ ഒരു ഓവറില്‍ 30+ റണ്‍സ് നേടി റിക്കി പോണ്ടിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഓസ്‌ട്രേലിയന്‍ താരം. പിന്നീട് 2021ല്‍ ഡാനിയല്‍ ക്രിസ്ത്യന്‍ ബംഗ്ലാദേശ് താരം ഷാകീബ് അല്‍ ഹസനെതിരെയും 2024ല്‍ സ്‌കോട്‌ലാന്‍ഡ് താരം ജാക്ക് ജാര്‍വിസിനെതിരെ മിച്ചല്‍ മാര്‍ഷും ഈ നേട്ടം സ്വന്തമാക്കി.

മത്സരത്തില്‍ ഹെഡിന് പുറമേ മാറ്റ് ഷോര്‍ട്ട് 26 പന്തില്‍ 41 റണ്‍സും ജോഷ് ഇംഗില്‍സ് 27 പന്തില്‍ 37 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ലിയാം ലിവിങ്സ്റ്റണ്‍ മൂന്ന് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സാക്കിബ് മഹമൂദ് രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഓസ്‌ട്രേലിയക്കായി ഷോണ്‍ ആബട്ട് മൂന്ന് വിക്കറ്റും ആദം സാംപ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി നിര്‍ണായകമായി. സേവ്യര്‍ ബാര്‍ട്ടെലറ്റ്, മാര്‍ക്കസ് സ്റ്റോണിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ലിയാം ലിവിങ്സ്റ്റണ്‍ 27 പന്തില്‍ 37 റണ്‍സും ക്യാപ്റ്റന്‍ ഫില്‍ സാള്‍ട്ട് 12 പന്തില്‍ 20 നേടി മികച്ച ചെറുത്ത്‌നില്‍പ്പ് നടത്തി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് കങ്കാരുപടക്ക് സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. സോഫിയ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Travis Head Great Record in T20