ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. ഹെഡിങ്‌ലി ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 5000 അന്താരാഷ്ട്ര റണ്‍സ് തികച്ചാണ് താരം എലീറ്റ് ലീസ്റ്റില്‍ ഇടം നേടിയത്.
ലോങ്ങര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസ് മുത്തമിട്ടപ്പോള്‍ അതില്‍ ഈ അഡ്‌ലെയ്ഡുകാരന്റെ പങ്ക് വളരെ വലുതായിരുന്നു.
ഹെഡിങ്‌ലി ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സ് നേടിയതോടെയാണ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും ഹെഡ് നേടിയിരുന്നു. 112 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 77 റണ്‍സാണ് താരം നേടിയത്. നിലവില്‍ 5065 റണ്‍സാണ് ഹെഡിന്റെ പേരിലുള്ളത്.
ടെസ്റ്റ് ഫോര്‍മാറ്റിലാണ് ഹെഡ് മികച്ച നേട്ടമുണ്ടാക്കിയത്. 40 ടെസ്റ്റിലെ 65 ഇന്നിങ്‌സില്‍ നിന്നുമായി 2808 റണ്‍സാണ് താരം നേടിയത്. ആറ് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഇക്കൂട്ടത്തില്‍പ്പെടും. 43.2 എന്ന ശരാശരിയിലാണ് താരം റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ സ്‌കോര്‍ ചെയ്യുന്നത്. 175 ആണ് താരത്തിന്റെ മികച്ച സ്‌കോര്‍.
ഹെഡിന്റെ മികച്ച സ്‌കോര്‍ അല്ലെങ്കില്‍ക്കൂടിയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ സെഞ്ച്വറി നേട്ടമാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹെഡ് നേടിയ 163 റണ്‍സാണ് ടെസ്റ്റ് മെയ്‌സില്‍ മുത്തമിടാന്‍ ഓസീസിനെ സഹായിച്ചത്.
ഏകദിനത്തിലെ 54 മത്സരത്തിലെ 51 ഇന്നിങ്‌സില്‍ നിന്നുമായി 1912 റണ്‍സാണ് താരം നേടിയത്. 40.68 എന്ന ശരാശരിയിലും 96.81 എന്ന പ്രഹരശേഷിയിലുമാണ് താരം റണ്‍സ് നേടിയത്. ഏകദിനത്തില്‍ 14 തവണ അര്‍ധ സെഞ്ച്വറി തികച്ച ഹെഡ് മൂന്ന് തവണ മൂന്നക്കവും കണ്ടിട്ടുണ്ട്. 152 ആണ് ഏകദിനത്തില്‍ താരത്തിന്റെ മികച്ച സ്‌കോര്‍.
ഓസീസ് കുപ്പായത്തിലിറങ്ങിയ 17 ടി-20യിലെ 16 ഇന്നിങ്‌സില്‍ നിന്നുമായി 345 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
Content highlight: Travis Head completes 5000 international runs