2023 ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീടം ചൂടിയിരിക്കുകയാണ്. തങ്ങളുടെ ആറാം കിരീടമാണ് ഓസീസ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തലയിലണിഞ്ഞത്. 1987, 1999, 2003, 2007, 2015, 2023 വര്‍ഷങ്ങളിലാണ് കങ്കാരുക്കള്‍ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത്.
ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടമാണ് ഓസീസിനെ കിരീടത്തിലെത്തിച്ചത്. 120 പന്തില്‍ 137 റണ്‍സാണ് ഹെഡ് നേടിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും ഹെഡ് തന്നെയായിരുന്നു.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഹെഡിനെ തേടിയെത്തിയിരിക്കുകയാണ്. ലോകകപ്പിന്റെ ഫൈനലില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ഏഴാം താരമായാണ് ഹെഡ് റെക്കോഡിട്ടത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാം ഓസീസ് താരം എന്ന നേട്ടവും ഈ ഓസീസ് ഓപ്പണര്‍ക്കുണ്ട്.
2003ല്‍ ഇന്ത്യക്കെതിരെ റിക്കി പോണ്ടിങ്ങാണ് ഓസീസിനായി ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 121 പന്ത് നേരിട്ട് പുറത്താകാതെ 140 റണ്‍സാണ് പോണ്ടിങ് നേടിയത്.
തൊട്ടടുത്ത ലോകകപ്പിന്റെ ഫൈനലിലും ഓസീസ് ഗില്‍ക്രിസ്റ്റിലൂടെ ഈ നേട്ടം സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 104 പന്തില്‍ നിന്നും 149 റണ്‍സാണ് ഗില്‍ക്രിസ്റ്റ് നേടിയത്.
ഇതിന് പുറമെ ഇതിഹാസ താരങ്ങളായ ക്ലൈവ് ലോയ്ഡും വിവ് റിച്ചാര്‍ഡ്‌സും ലങ്കന്‍ ലെജന്‍ഡ്‌സായ അരവിന്ദ ഡി സില്‍വയും ജയവര്‍ധനയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – രാജ്യം – ലോകകപ്പ് – എതിരാളികള്‍ – റണ്‍സ് എന്നീക്രമത്തില്‍)
ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – 1975 – ഓസ്‌ട്രേലിയ – 102
വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 1979 – ഇംഗ്ലണ്ട് – 138*
അരവിന്ദ ഡി സില്‍വ – ശ്രീലങ്ക – 1996 – ഓസ്‌ട്രേലിയ – 107*
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 2003 – ഇന്ത്യ – 140*
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 2007 – ശ്രീലങ്ക – 149
മഹേല ജയവര്‍ധന – ശ്രീലങ്ക – 2011 – ഇന്ത്യ – 103*
ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 2023 – ഇന്ത്യ – 138
ഇതില്‍ ജയവര്‍ധനയൊഴികെയുള്ള താരങ്ങള്‍ സെഞ്ച്വറി നേടിയപ്പോള്‍ ടീം വിജയിച്ചിരുന്നു. 2011ല്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യയോട് തോല്‍ക്കാനായിരുന്നു ജയവര്‍ധനയുടെയും ലങ്കയുടെയും വിധി.
Content highlight: Travis Head becomes the 7th batter to score a century in World Cup Final