ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചരിത്രം കുറിച്ച് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ഹെഡ് ചരിത്ര പുസ്‌കത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തിയത്.
ഫാബ് ഫോറിലെ നാലില്‍ മൂന്ന് പേര്‍ക്കും ഈ അവസരം നേരത്തെയുണ്ടായിരുന്നെങ്കിലും അവര്‍ക്ക് സാധിക്കാതെ പോയ നേട്ടമാണ് ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്.
വിരാട് കോഹ്‌ലിയും കെയ്ന്‍ വില്യംസണും ആദ്യ ഫൈനലില്‍ (2019-21) കളിച്ചപ്പോള്‍ വിരാടിനൊപ്പം സ്മിത് രണ്ടാം സൈക്കിളിന്റെ (2021-23) ഫൈനലും കളിക്കുകയാണ്. ഇംഗ്ലണ്ടിന് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ ഫാബ് ഫോറിലെ ജോ റൂട്ടിനെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഡബ്ല്യൂ.ടി.സിയുടെ ആദ്യ എഡിഷന്റെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമായിരുന്നു പ്രവേശിച്ചത്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ഏറ്റുമുട്ടുന്നു എന്നതായിരുന്നു ആ മത്സരത്തിന്റെ പ്രത്യേകത. ഫാബ് ഫോറിലെ കരുത്തരായ വിരാടും കെയ്ന്‍ വില്യംസണും പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ വിജയം കിവികള്‍ക്കൊപ്പമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിരാട് ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 13 റണ്‍സുമാണ് നേടിയത്. വില്യംസണ്‍ ആദ്യ ഇന്നിങ്‌സില്‍ 49 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 52 റണ്‍സും നേടി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഈ സൈക്കിളില്‍ ഹെഡിന് മുമ്പേ കളത്തിലിങ്ങിയ സ്റ്റീവ് സ്മിത്തിന് ഡബ്ല്യൂ.ടി.സി ഫൈനലിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടം കൈവരിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഹെഡ് അതിനനുവദിക്കാതെ റെക്കോഡ് തന്റെ പേരിലാക്കുകയായിരുന്നു.
എന്നാല്‍ സെഞ്ച്വറി ലക്ഷ്യം വെച്ചാണ് സ്മിത്തും കുതിക്കുന്നത്. 72 ഓവര്‍ പിന്നിടുമ്പോള്‍ 179 പന്തില്‍ നിന്നും 75 റണ്‍സ് നേടിയാണ് സ്മിത് ക്രീസില്‍ തുടരുന്നത്. 126 പന്തില്‍ നിന്നും 111 റണ്‍സാണ് ഹെഡിന്റെ പേരിലുള്ളത്. നിലവില്‍ മൂന്ന് വിക്കറ്റിന് 271 റണ്‍സാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോഡും ഓസീസ് ഇതിനോടകം സ്വന്തമാക്കി. 2019-21 സൈക്കിള്‍ ഫൈനലില്‍ പിറന്ന നാല് ഇന്നിങ്‌സിനേക്കാളും ഉയര്‍ന്ന സ്‌കോറാണ് ഓസീസ് ഇതിനോടകം തന്നെ അടിച്ചെടുത്തത്.
Content highlight: Travis Head becomes first batter to score a century in WTC final