| Thursday, 28th March 2024, 11:22 am

ഇജ്ജാദി സ്ട്രൈക്ക് റേറ്റിൽ വമ്പന്‍ തൂക്കിയടി; ഐ.പി.എല്ലിലെ തലതൊട്ടപ്പന്മാർക്ക് പോലുമില്ലാത്ത റെക്കോഡ് ഇവർക്ക് മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് പരാജയപ്പെടുത്തികൊണ്ടായിരുന്നു ഓറഞ്ച് ആര്‍മി ജയിച്ചു കയറിയത്.

ഹൈ സ്‌കോറിങ് മാച്ചില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

ഹൈദരാബാദിന്റെ ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തുടക്കത്തില്‍ തന്നെ തകര്‍ത്തടിക്കുകയായിരുന്നു. 24 പന്തില്‍ 62 റണ്‍സ് നേടി കൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 258.33 സ്‌ട്രൈക്ക് റൈറ്റില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഹെഡ് നേടിയത്.

മറുഭാഗത്ത് അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും നേടി കരുത്തുകാട്ടി. മൂന്ന് ഫോറുകളും ഏഴ് സിക്സുകളുമാണ് അഭിഷേക് നേടിയത്. 273.91 പ്രഹര ശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഇരുതാരങ്ങളും സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ രണ്ട് താരങ്ങള്‍ 50+ റണ്‍സ് 250+ സ്‌ട്രൈക്ക് റേറ്റില്‍ നേടുന്നത്.

ഇവര്‍ക്ക് പുറമെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടി കരുത്ത്കാട്ടി. നാലു ഫോറുകളും ഏഴ് സിക്സുകളുമാണ് ക്ലാസന്‍ നേടിയത്. 235.29 റൈറ്റില്‍ ആയിരുന്നു താരം ബാറ്റ് ചെയ്തത്.

മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Content Highlight: Travis Head and Abhishek Sharma great Performance against Mumbai Indians

We use cookies to give you the best possible experience. Learn more