കാഞ്ചന്‍ജംഗ അതിരുതീര്‍ത്ത പെല്ലിംഗ്
Travelogue
കാഞ്ചന്‍ജംഗ അതിരുതീര്‍ത്ത പെല്ലിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 5:45 pm

പര്‍വതങ്ങള്‍ അതിരുതീര്‍ത്ത ചെറു സംസ്ഥാനമാണ് സിക്കിം. ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണെങ്കിലും പ്രകൃതിഭംഗികൊണ്ടും പുരാതനമായ സാംസ്‌കാരിക പൈതൃകം കൊണ്ടും സമ്പന്നമായ സംസ്ഥാനമാണ് സിക്കിം.

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് പ്രകൃതിയില്‍ അലിഞ്ഞ് സ്വസ്ഥതയോടെ സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നവര്‍ കിലോമീറ്ററുകള്‍ താണ്ടി സിക്കിമില്‍ എത്തുന്നു.

ചുറ്റിലും തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയവും കാഞ്ചന്‍ജംഗയും കൃഷിയിടങ്ങളും നീരുറവകളും ബുദ്ധ വിഹാരങ്ങളും. വേറെന്തുവേണം സഞ്ചാരിയെ കീഴടക്കാന്‍.

സിക്കിമില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് തലസ്ഥാന നഗരിയായ ഗാംഗ്‌ടോക്കിലാണ്. ഗാംഗ്‌ടോക്കില്‍നിന്നും ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലുള്ള നാഥുലാ ചുരത്തിലേക്കുള്ള യാത്ര വളരെ പ്രശസ്തമാണ്.

56 കിലോമീറ്റര്‍ ദൂരെയുള്ളതും 14450 അടി ഉയരത്തിലേക്കുള്ളതുമായ റോഡ് ലോകത്തിലെ ഉയരമേറിയ ഗതാഗതയോഗ്യമായ പാതകളിലൊന്നാണ്. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഈ റോഡ്. യാത്രയ്ക്ക് മുന്‍കൂട്ടി അപേക്ഷ നല്‍കി പാസ് വാങ്ങണം.

സിക്കിമില്‍ ഏതു മൂലയില്‍ പോയാലും കാഞ്ചന്‍ജംഗയുടെ പലഭാഗങ്ങള്‍ കാണാം. എന്നാല്‍ കാഞ്ചന്‍ജംഗയെ കയ്യെത്തും ദൂരത്ത് കാണണമെങ്കില്‍ പടിഞ്ഞാറന്‍ സിക്കിമിലെ പെല്ലിംഗില്‍ ചെല്ലണം. ഗാംഗ്ടോക്കില്‍ നിന്നും പെല്ലിംഗിലേയ്ക്ക് 125 കിലോമീറ്റര്‍ ദൂരമുണ്ട്.


Also Read  തങ്ങള്‍ സമരത്തിലല്ലെന്ന് ഐ.എ.എസ് ഓഫീസര്‍മാര്‍; കേജ്‌രിവാള്‍ പറയുന്നത് നുണ


ദൃശ്യഭംഗി സമ്മാനിച്ച് വഴിനീളെ ഓറഞ്ചു തോട്ടങ്ങള്‍ കാണാം. പെല്ലിംഗ് വളരെ ചെറിയ പട്ടണമാണ്. സമുദ്രനിരപ്പില്‍ നിന്ന് 2150 മീറ്റര്‍ ഉയരത്തില്‍ മഞ്ഞണിഞ്ഞ ഹിമാലയ നിരകളുടെ സമ്പൂര്‍ണ കാഴ്ച സമ്മാനിക്കുന്ന പെല്ലിംഗ് ഗാംഗ്‌ടോക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്.

1814 വരെ സിക്കിം രാജാക്കന്‍മാരുടെ തലസ്ഥാനം പെല്ലിംഗായിരുന്നു. കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. സിക്കിമിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധവിഹാരങ്ങളില്‍ ഒന്നായ ലെമയാംഗ്റ്റ്സേ മൊണാസ്ട്രി പെല്ലിംഗിലാണ് സ്ഥിതി ചെയ്യുന്നത്.

ലിംബു വിഭാഗക്കാരാണ് ഇവിടത്തെ പ്രാദേശിക ജന വിഭാഗങ്ങളില്‍ ഭൂരിപക്ഷവും. കൃഷിയാണ് ഇവിടത്തുകാരുടെ വരുമാന മാര്‍ഗം. ഏലം, നെല്ല്, ചോളം, ഗോതമ്പ് തുടങ്ങിയവയാണ് പ്രധാന വിളകള്‍. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാഞ്ചന്‍ജംഗ ഉത്സവമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷം.

രംഗീത് നദിയിലെ റാഫ്റ്റിംഗും കയാക്കിംഗും, മലകയറ്റം, മൗണ്ടന്‍ ബൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും പരമ്പരാഗത കായിക ഇനങ്ങളുമൊക്കെയായി നടക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.

പരമ്പരാഗത ലിംബു നൃത്തമായ ഉദിംഗ്, ചാബ്രുംഗ് തുടങ്ങിയ നൃത്തപരിപാടികളും അരങ്ങേറും. പുഷ്‌പോത്സവം, ഭക്ഷണമേള തുടങ്ങിയവയും കാഞ്ചന്‍ജംഗ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. ആഗസ്റ്റ് 15നാണ് കാഞ്ചന്‍ജംഗ ഉത്സവം തുടങ്ങുക. തിബറ്റന്‍ കലണ്ടര്‍ പ്രകാരം ഏഴാം മാസമാണിത്.