| Friday, 4th May 2018, 6:00 pm

അന്നസിംഗ-മഴുവേന്തിയ വനിത; അംഗാ യാ ആഫ്രിക്ക (ആഫ്രിക്കയുടെ ആകാശങ്ങള്‍)-ഒരു മലയാളി സ്ത്രീയുടെ ജാലക കാഴ്ചകള്‍

അര്‍ച്ചന പി.എം

യുദ്ധം ചെയ്ത് ക്ഷീണിച്ച പട്ടാളക്കാരന്റെ മുഖമാണ് അങ്കോള എന്ന ആഫ്രിക്കന്‍ രാജ്യത്തിന്. ഓരോ നാടും അവിടെ എത്തിപ്പെടുന്ന മനുഷ്യരിലേക്ക് കുടിയേറുന്നത് അവരുടെ കാഴ്ചപ്പാടുകള്‍ വെട്ടിത്തെളിച്ചെടുക്കുന്ന പാതകളിലൂടെയാണല്ലോ. കഴിഞ്ഞ ഒരു ദശകത്തില്‍ എന്നെ അത്രമേല്‍ ഭ്രമിപ്പിച്ച ആഫ്രിക്ക എന്ന ഭൂഖണ്ഡം എനിക്കുള്ളില്‍ പ്രതിഫലിക്കുന്നത് അവിടുത്തെ ജീവിതം നല്‍കിയ അനുഭവത്തെളിച്ചമായാണ്.

അങ്കോള എന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ആദ്യത്തെ ആഫ്രിക്കന്‍ അനുഭവം. അറ്റ്ലാന്റിക് സമുദ്രത്തിന്റെ വശ്യതയാര്‍ന്ന പച്ചനിറത്തില്‍ ഉല്ലസിക്കുന്ന രാജ്യം.നീണ്ട 27 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിന്റെ അവശതകള്‍ നിറഞ്ഞ അങ്കോളയിലേക്കാണ് 2007ല്‍ ഞങ്ങള്‍ എത്തുന്നത്. ദുബായിലെ തിരക്കുപിടിച്ച ജോലിയും ജീവിതവും ഞങ്ങളെ രണ്ടു പേരെയും മടുപ്പിച്ചിരുന്ന സമയത്താണ് അങ്കോളയിലേക്കുള്ള ജോലി മാറ്റം സുരേഷിന് മുന്നില്‍ വരുന്നത്. അപകടം നിറഞ്ഞ രാജ്യം എന്ന കുപ്രസിദ്ധി മൂലമാവണം ഓഫീസില്‍ മറ്റാരും തന്നെ അങ്കോളയിലേക്ക് പോകാന്‍ താല്‍പര്യം കാണിച്ചില്ല. ആഫ്രിക്ക എന്നും മോഹിപ്പിക്കുന്ന ഇടമായതിനാല്‍ ഞങ്ങള്‍ക്ക് അധികം ആലോചിക്കേണ്ടിയും വന്നില്ല. 2002 ലാണ് അങ്കോളയില്‍ ആഭ്യന്തര കലാപങ്ങള്‍ ഏറെക്കുറെ അവസാനിച്ചത്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടിയ ജനത 1974ല്‍ സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ശക്തമായ അധികാര വടം വലിയില്‍ പെട്ടുഴറുകയായിരുന്നു. കാല്‍ നൂറ്റാണ്ടോളം കലാപങ്ങളാല്‍ മാത്രം അടയാളപ്പെടുത്തിയ ചരിത്രം .

ദുബായില്‍ നിന്നും 5.30 മണിക്കൂറോളം യാത്ര ചെയ്താണ് സൗത്ത്ആഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ എത്തിയത്. അടുത്ത വിമാനത്തിനായി ആറു മണിക്കൂറോളം നീണ്ട കാത്തിരിപ്പ്. അങ്കോളയുടെ തലസ്ഥാനമായ ലുവാണ്ടയിലേക്ക് വീണ്ടും മൂന്നര മണിക്കൂര്‍ യാത്ര! ഇത്രയും ക്ഷീണിതരായി എയര്‍ പോര്‍ട്ടില്‍ എത്തിയ ഞങ്ങളെ കാത്തിരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ, ഒരു ഇന്ററോഗേഷനായിരുന്നു. വിദേശത്ത് നിന്ന് വരുന്ന ആരേയും സംശയത്തോടെ മാത്രം കാണുന്ന എമിഗ്രേഷന്‍ അധികൃതര്‍ ! ഔദ്യോഗിക ഭാഷ പോര്‍ച്ചുഗീസ് ആയതു കൊണ്ടു തന്നെ അവരുമായുള്ള ആശയവിനിമയവും പ്രയാസമായിരുന്നു.

അന്നസിംഗ

ദുബായില്‍ നിന്നും അങ്കോളന്‍ എംബസ്സി നല്‍കിയ ബിസിനസ്സ് വിസയിലായിരുന്നു അവിടെ എത്തിയത്! കുടുംബസമേതം എന്ത് ബിസിനസ്സ് സന്ദര്‍ശനം എന്ന “തികച്ചും ന്യായമായ” ചോദ്യമായിരുന്നു അവരുടേത്. ഭാഷ അറിയാത്തത്കൊണ്ട് തന്നെ ആ ചോദ്യം മനസിലാക്കിയെടുക്കാന്‍ ഒരു ദ്വിഭാഷിയുടെ സഹായം വേണ്ടി വന്നു. മണിക്കൂറുകള്‍ക്ക് നീണ്ട ചോദ്യോത്തരവേളക്കുശേഷം പുലര്‍ച്ചയോടെ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി.

വിമാനത്താവളത്തിനുപുറത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ധീരയായ ഒരു സ്ത്രീയുടെ പൂര്‍ണകായ പ്രതിമയാണ് ഞങ്ങളെ അങ്കോളയിലേക്ക് സ്വാഗതം ചെയ്തത് .മഴു പോലുള്ള ഒരു ആയുധം അവര്‍ കയ്യില്‍ പിടിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അന്ന സിംഗ എന്ന രാജ്ഞിയായിരുന്നു അത്. പോര്‍ച്ചുഗീസുകാരുടെ അടിമ കച്ചവടത്തിനെതിരെ പോരാടിയിരുന്ന ധീരവനിത. നയചാതുരിയും അയല്‍ രാജ്യങ്ങളുമായുള്ള ഉടമ്പടികളുമാണ് അവരെ പ്രശസ്തയാക്കിയതെന്ന് ചെന്നെത്തിയപ്പോള്‍തന്നെ കിട്ടിയ സഹായ മനസ്‌കരായി തദ്ദേശീയരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

അടിമകളെയും കൊണ്ട് യൂറോപ്പിലേക്ക് പോകുന്ന കപ്പലുകളെ അവര്‍ വഴിയില്‍ തടഞ്ഞിരുന്നുവെന്നാണ് കഥ. തന്റെ സ്വാധീനം ഉപയോഗിച്ച് കപ്പലുകള്‍ വഴി തിരിച്ച് വിട്ട് സ്വന്തം ജനതയെ രക്ഷപ്പെടുത്തിയ റാണിയുടെ വീര കഥകള്‍ ആവേശകരമാണ്. സ്ത്രീകളുടെ പ്രതിമകള്‍ അപൂര്‍വമായ നാട്ടില്‍ നിന്നുള്ള എനിക്ക് ഈ കാഴ്ച ഒരു പ്രതീക്ഷയായിരുന്നു. അന്ന സിംഗയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് സംഘടന അവിടെ സജീവമാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ ഉള്ള നാട് എന്ന് ഒരു വാമൊഴിവിശേഷണമുണ്ട് ഈ രാജ്യത്തിന്. യുദ്ധകാലത്ത് കുഴിച്ചിട്ട മൈനുകള്‍ യുദ്ധാനന്തരം രാജ്യത്തിന് നല്‍കിയ ഖ്യാതി. യുദ്ധം നിമിത്തം സാമ്പത്തിക സാമൂഹിക മേഖലകളിലും ക്രിയാത്മകമായി ഒന്നും തന്നെ സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല . അതുകൊണ്ട് തന്നെ ദാരിദ്യം തന്നെ ജീവിതമായ ജനങ്ങള്‍ പ്രാരാബ്ദ്ധദ്ധക്കെട്ടുകളും പേറി തലസ്ഥാന നഗരിയായ ലുവാണ്ടയില്‍ എത്തിപ്പെടുന്നു.

നഗരത്തിലെ വളരെ തിരക്കുള്ള ഒരു തെരുവിലെ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം.വീടിന് ചുറ്റും നല്ല ഉയരമുള്ള മതിലുകള്‍ ഗേറ്റിന് മുന്നില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന കാവല്‍ക്കാരന്‍. ആ കാഴ്ച അവിടെയെത്തിയ ആദ്യ രണ്ട് ദിവസങ്ങളിലെ ഉറക്കം നഷ്ടപ്പെടുത്താന്‍ പോന്നതായിരുന്നു. എപ്പോള്‍ വേണമെങ്കിലും കേള്‍ക്കുമെന്ന് ഞാന്‍ കരുതിയ വെടിയൊച്ചകള്‍ക്കായുള്ള കാത്തിരിപ്പായിരുന്നു ആ രാത്രികള്‍. പിന്നീട് തപ്പിപ്പിടിച്ച് ഞാന്‍ പഠിച്ചെടുത്ത പോര്‍ച്ചുഗീസ് ഭാഷയില്‍ ഇത് എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടൊ എന്ന എന്റെ ചോദ്യം കേട്ടപ്പോള്‍ ആ ഗാര്‍ഡ് പൊട്ടിച്ചിരിച്ചു. എനിക്ക് പേടിയാണോ എന്ന് തിരിച്ച് ചോദിച്ചു.

വീടിന്റെ മതിലിന് തൊട്ടപ്പുറത്തുള്ള ക്ലിനിക്കിലേക്ക് പോകാന്‍ പോലും അയാള്‍ തോക്കുമായി എന്റെ കൂടെ വരുമായിരുന്നു. ഉള്‍ക്കിടിലത്തോടെ ഞാന്‍ മുന്നില്‍ നടക്കും. അവിടുത്തെ അപകടസാധ്യതകളെ കുറിച്ചൊന്നും അന്നെനിക്ക് വലിയ ധാരണയില്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതു കൊണ്ടുതന്നെ ഈ സുരക്ഷാസംവിധാനം എനിക്കൊരു ബാധ്യതയായാണ് ആദ്യം അനുഭവപ്പെട്ടത്. വീട് കയറിയുള്ള ആക്രമണകഥകളുടെ ഒരു പരമ്പര തന്നെ കേട്ടത് പിന്നീടാണ്.

35 വര്‍ഷത്തിലേറെയായി അവിടെ താമസിക്കുന്ന ഒരു മലയാളി സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ വീടിന്റെ ചുമരുകള്‍ ചൂണ്ടിക്കാണിച്ചു. അതില്‍ നിറയെ വെടിയുണ്ടകള്‍ ഏറ്റ പാടുകള്‍ ആയിരുന്നു. കലാപ കാലത്ത് തൊട്ടടുത്ത തെരുവില്‍ വച്ച് നടന്ന വെടിവയ്പിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു അവ. റോഡില്‍ വച്ച് പലപ്പോഴും നടന്ന ആക്രമണങ്ങളെ കുറിച്ചും പണവും മറ്റും തട്ടിയെടുത്തതിനെ കുറിച്ചും അദ്ദേഹം വാചാലനായി.ആ രാജ്യത്തെ വല്ലാതെ ഇഷ്ടപ്പെടുന്നതുകൊണ്ടാവും അവര്‍ ഇപ്പോഴും അവിടെ തുടരുന്നത് എന്നെനിക്കു തോന്നി. ഒരിക്കല്‍ എത്തിയാല്‍ പിന്നീട് നമ്മെ പിടിച്ച് നിര്‍ത്തുന്ന എന്തോ ഒരു വശ്യത ആ വന്‍കരയ്ക്കുണ്ട്.

സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രമുഖസംഘടനകള്‍ ആയിരുന്നു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പീപ്പ്ള്‍ മൂവ്മെന്റ് ഫോര്‍ ലിബറേഷന്‍ ഓഫ് അങ്കോള (MPLA), നാഷണല്‍ യൂണിയന്‍ ഫൊര്‍ ടോടല്‍ ഇന്‍ഡിപെന്‍ഡെന്‍സ് ഓഫ് അങ്കോള (UNITA)എന്നിവ. ഈ രണ്ട് സംഘടനകള്‍ക്കും വ്യക്തമായ സ്വാധീനവും ശക്തമായ സാന്നിധ്യവും ഗ്രാമപ്രദേശങ്ങളില്‍ പോലും ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ സ്വാതന്ത്രാനന്തരം അധികാരം കയ്യാളുന്നതിലെ തര്‍ക്കം രൂക്ഷമാകുകയും ചെയ്തു.

ശീത സമര കാലഘട്ടമായിരുന്നതിനാല്‍ സോവിയറ്റ് യൂണിയനും, അമേരിക്കയും ഈസംഘടനകള്‍ക്ക് സൈനിക സഹായം നല്‍കിയത് ആഭ്യന്തര യുദ്ധം ശക്തിപ്പെടുത്തുകയും ചെയ്തു. കാല്‍ നൂറ്റാണ്ടോളം നീണ്ട യുദ്ധം രാജ്യത്തിലെ പൊതു ഭരണ സംവിധാനങ്ങളേയും സാമ്പത്തിക സ്ഥാപനങ്ങളേയും റെയില്‍വേ പോലുള്ള അടിസ്ഥാന സൗകര്യങ്ങളേയും മത സ്ഥാപനങ്ങളേയും താറുമാറാക്കി.പൊളിഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുന്ന റെയില്‍വേ പാതകള്‍ യുദ്ധത്തിന്റെ ബാക്കി പത്രമായി ഇപ്പോഴും കാണാം.

തലസ്ഥാന നഗരിയില്‍ പോലും ധാരാളമുള്ള പൊളിഞ്ഞ കെട്ടിടങ്ങള്‍ ഗ്രാമങ്ങളിലെ കാഴ്ചകള്‍ ഇതിലും ദയനീയമാണെന്ന് നമ്മോട് പറഞ്ഞു വയ്ക്കുന്നു.യുദ്ധത്തില്‍ 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നും 40 ലക്ഷത്തോളം ജനങ്ങള്‍ പലായനം ചെയ്തുവെന്നുമാണ് കണക്കുകള്‍. യാഥാര്‍ത്ഥ്യം അതിലും എത്രയോ ഭീകരമാകാനാണ് സാധ്യത. കൊയാന്‍സയാണ് അവിടുത്തെ കറന്‍സി. 2007 ല്‍ ഒരു ഡോളറിനു 80 കൊയാന്‍സയായിരുന്നത് ഇപ്പോള്‍ 230 ല്‍ എത്തി നില്‍ക്കുന്നു.

നമുക്ക് ശീലമുള്ള പച്ചക്കറികള്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള നാടായിരുന്നു അന്ന് അത്. സ്ഥിരം കിട്ടുന്നവ കുറച്ചു കിട്ടും. മാങ്ങയും ചക്കയും എല്ലാം മരങ്ങളില്‍ നിറഞ്ഞുനില്‍പ്പുണ്ടാകും. കപ്പ തഴച്ചു വളരുന്ന നാട്. നല്ല മണ്ണ്. ഇനിയും നിര്‍വീര്യമാക്കാനാവാത്ത മൈനുകള്‍ ഇപ്പോഴും കൃഷിക്ക് ഒരു ഭീഷണിയായി നിലകൊള്ളുന്നു. അവിടെ വര്‍ഷങ്ങളായുള്ള ഒരു മലയാളി കുടുംബം അവരുടെ സ്ഥിരമുള്ള ബിസിനെസ്സ് യാത്രകളില്‍ ദുബായില്‍ നിന്നും ചേന കൊണ്ടുവരാറുള്ളത് പറയാറുണ്ട്. നമ്മുടെ പല പച്ചക്കറികളും കിട്ടാന്‍ വേറെ മാര്‍ഗമൊന്നുമില്ല.

ഏതാനും മാസങ്ങളേ അവിടുത്തെ പ്രവാസം നീണ്ടു നിന്നുള്ളൂ ! വിസ കിട്ടാനുള്ള ബുദ്ധിമുട്ട് മകന്റ പഠനത്തെ ബാധിക്കും എന്ന് വന്നപ്പോഴാണ് നാട്ടിലേക്ക് തിരിച്ചത്. ആഭ്യന്തര യുദ്ധത്തില്‍ വിജയം നേടിയ MPLA ഇന്ന് ലേബര്‍ നയങ്ങളില്‍ മാറ്റം വരുത്തി സൗത്ത് ആഫ്രിക്കയുടെയും ചൈനയുടേയും വമ്പന്‍ നിക്ഷേപങ്ങളുടെ തണലില്‍ പുതിയ ഒരു പ്രതിശ്ചായ കെട്ടിപ്പടുക്കുകയാണ്. നേരത്തെ ക്യൂബന്‍ നയങ്ങള്‍ പിന്‍പറ്റിയിരുന്നവരാണ് ഈ മാര്‍ക്സിസ്റ്റുകള്‍.

ഇന്ന് OPEC ഇല്‍ അംഗമായ അങ്കോളയുടെ GDP യുടെ 50 ശതമാനവും എണ്ണ പ്പാടങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ഉത്പാദനമേഖലക്കും അവകാശപ്പെട്ടതാണ്. ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ 90 ശതമാനവും കയറ്റിയയ്ക്കപ്പെടുന്നു. രത്നങ്ങളില്‍ 5ശതമാനത്തോളം കയറ്റിയയ്ക്കുന്നു. അന്താരഷ്ട്ര സംഘടനകളുടെയും സ്വകാര്യ കമ്പനികളുടെയും സഹായത്തോടെ സൈനികര്‍ മൈനുകള്‍ നിര്‍വീര്യമാക്കുന്ന ശ്രമങ്ങള്‍ തുടരുന്നു. ജനങ്ങള്‍ കൃഷിയിലേക്ക് പതിയെ ഏര്‍പ്പെടാന്‍ താല്‍പര്യം കാണിച്ചു തുടങ്ങുന്നുവെങ്കിലും ഇന്നും രാജ്യത്തിന് വേണ്ട പകുതിയിലധികം ഭക്ഷണ സാമഗ്രികളും ഇറക്കുമതിചെയ്യേണ്ടി വരുന്നു.

യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തിക മാന്ദ്യസമയത്ത് ചൈന നടത്തിയ വമ്പിച്ച നിക്ഷേപം, ഇന്ന് നാലു വരി ,ആറുവരി പാതകളായും വമ്പന്‍ കെട്ടിട സമുച്ചയങ്ങളായും ലുവാണ്ടയുടെ മുഖഛായ മാറ്റിയിരിക്കുന്നു. പക്ഷെ ഇപ്പോഴും മയമില്ലാത്ത എമിഗ്രേഷന്‍ നടപടികള്‍ അവിടെ വന്നിറങ്ങുന്ന വിദേശികളെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കുന്നു

അര്‍ച്ചന പി.എം

Latest Stories

We use cookies to give you the best possible experience. Learn more