നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല; ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്: ഇടവേള ബാബു
Entertainment news
നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല; ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്: ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th March 2022, 8:03 pm

വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടന നടത്തിയ പരിപാടിയില്‍ മേനക അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇടവേള ബാബു വിവാഹം കഴിക്കാത്തത് മലയാള സിനിമയിലെ നായികമാര്‍ക്ക് വേണ്ടിയാണെന്നായിരുന്നു മേനക പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി ആ സമയത്ത് ഇടവേള ബാബു രംഗത്തെത്തിയിരുന്നില്ല. എന്നാലിപ്പോഴിതാ താനെന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് പറയുകയാണ് താരം.

വിവാഹം കഴിഞ്ഞാല്‍ ഒരു നുണ പറയേണ്ടിവരും. രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ് വീട്ടില്‍ എപ്പോഴാണ് വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല. നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി എവിടെ വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം.

നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല എന്നും അങ്ങനെ കണ്ടാല്‍ മടുപ്പ് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

ഇതൊക്കെ ആസ്വദിച്ചു ചെയ്യേണ്ട കാര്യങ്ങളാണ് അതുകൊണ്ട് നമുക്ക് ഒരുപാട് കാലം ഈ മേഖലയില്‍ തന്നെ തുടരാന്‍ കഴിയും. തന്റെ ചേട്ടന്റെ മകന്റെ കാര്യങ്ങള്‍ എല്ലാം താനാണ് നോക്കുന്നത്. അതുകൊണ്ട് ഒരു കുടുംബം ഇല്ല എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

ഇടവേള ബാബുവിനെ കൂടുതല്‍ സിനിമകളില്‍ കാണാന്‍ കഴിയുന്നില്ല എങ്കിലും ആദ്യ കാലങ്ങളില്‍ അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങള്‍ നമ്മള്‍ ഇന്നും ആസ്വദിക്കുന്നുണ്ട്. കോമഡി കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇടവേള ബാബു എന്ന നടന് ഒരു പ്രത്യേക കഴിവാണ്.


Content Highlights: Traveling with women heroines is not seen as a job; Here’s why I’m not married: Idavela Babu