| Sunday, 4th June 2023, 11:25 am

ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര; ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ യാത്ര ചെയ്യുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ എ.ഐ. ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇളവ് നല്‍കുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്നാണ് മന്ത്രി പറയുന്നത്.

സി.പി.ഐ.എം രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ 12 വയസുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

എ.ഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Traveling with children on a two-wheeler; The Union Minister said that no concession can be given

Latest Stories

We use cookies to give you the best possible experience. Learn more