ഓരോ യാത്രയും മനുഷ്യനെ പഠിപ്പിക്കുന്നത് ഓരോ കാര്യങ്ങളാണ്. പ്രപഞ്ചത്തിലെ കേവലമൊരു നീർകുമിളമാത്രമാണ് മനുഷ്യനെന്ന യാഥാർഥ്യ ബോധം ഉണ്ടാക്കാൻ യാത്രകൾക്ക് സാധിക്കും യാസ്മിൻ പറഞ്ഞുകൊണ്ടേയിരുന്നു. യാത്രകൾ അവർക്ക് പകർന്ന് നൽകിയ അറിവ് അവർ എനിക്ക് പകർന്ന് തന്നുകൊണ്ടേയിരുന്നു. താനറിഞ്ഞ അറിവുകൾ പകർന്ന് നൽകുന്നതിലും വലിയ കാര്യം മറ്റെന്തുണ്ട്.
ഒന്ന് മനസിനെ ശാന്തമാക്കാൻ ജോലി സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം നേടാൻ യാത്രകളെപ്പോലെ മനുഷ്യനെ സഹായിക്കുന്ന മറ്റെന്താണുള്ളത്.
ഒരു ടൂർ പോവാൻ ഇഷ്ടമില്ലാത്ത ആരാണ് ഉള്ളത്? ഇത്തരത്തിൽ യാത്രകളെ സ്നേഹിച്ച ഒരു വ്യക്തിയാണ് കോഴിക്കോട്ടുകാരിയായ യാസ്മിൻ. ഒറ്റക്ക് യാത്രകൾ പോകുന്ന ഇവരെ വ്യത്യസ്തമാക്കുന്നത് മറ്റൊന്നാണ്.
യാത്രകൾ ജീവവായു ആയി കരുതുന്ന യാസ്മിൻ ഇന്ത്യക്കകത്തും വിദേശങ്ങളിലുമായ് നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. സോളോ യാത്രകൾ ഇഷ്ടപ്പെടുന്ന യാസ്മിന് നിരവധി സോളോ യാത്രകൾ നടത്തിയ അനുഭവപരിചയം ഉണ്ട്. യാത്രാസംബന്ധിയായ വിവരണങ്ങൾ , കുറിപ്പുകൾ എന്നിവ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യകാല ബ്ലോഗർമാരിൽ ഒരാൾ കൂടിയാണ് യാസ്മിൻ.
വളരെ കാലം മുമ്പ് തന്നെ തന്റെ യാത്രകൾ ആരംഭിച്ച യാസ്മിൻ ആദ്യമായി യാത്ര പോയത് തന്റെ സുഹൃത്തിന്റെ കൂടെയാണ്. പിന്നീട് ആ യാത്രയൊരു പ്രചോദനമായി ഉൾക്കൊണ്ട് മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച് ട്രാവൽ ഏജൻസി ആരംഭിക്കുകയും ചെയ്തു.
2010 ൽ കേരളത്തിൽ ആദ്യമായി ലേഡീസ് ഓൺലി ട്രാവൽ ഗ്രൂപ്ല് ഫ്ലൈയിംഗ് ബട്ടർഫ്ലൈസ് എന്ന പേരിൽ രൂപീകരിക്കുകയും സ്വദേശത്തും വിദേശത്തും ഉള്ള നിരവധി സ്ത്രീകൾക്ക് യാത്രാ പാക്കേജുകൾ വളരെ നല്ല രീതിയിൽ നടത്തുകയും ചെയ്തിട്ടുണ്ട്.
വിദേശ വനിതകൾക്ക് കേരളത്തിൽ വന്ന് താമസിക്കാനും അവർക്ക് കേരളത്തിന്റെ ചരിത്രവും സംസ്കാരവും പകർന്ന് കൊടുക്കാനും കേരളീയ ഗ്രാമീണ ജീവിതത്തെ നേരിട്ട് കാണാനും ഉള്ള അവസരം യാത്രാപാക്കേജുകൾ വഴി സാധിച്ചിട്ടുണ്ട്.
ആർ.ടി മിഷന്റെ കീഴിൽ ട്രെയിനേസ് ഓഫ് ട്രെയിനേർസ് പരിശീലനവും കമ്യൂണിറ്റി ടൂർ ലീഡർ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട് യാസ്മിൻ. സ്ത്രീ സൗഹാർദ്ദ വിനോദ സഞ്ചാരം എന്ന ആശയം നടപ്പിൽ വരുത്തുന്നതിനും ടൂറിസം പ്രവർത്തനങ്ങൾ അടിസ്ഥാനതലത്തിൽ പ്രചാരത്തിൽ വരുത്തുന്നതിനും ആയി ആർ ടി മിഷനുമായ് ചേർന്ന് ആർ.ടി ക്ലബുകൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും യാസ്മിൻ നടത്തുന്നു. അതോടൊപ്പം ആർ.ടി മിഷൻ സൊസൈറ്റിയുടെ സ്റ്റേറ്റ് കോർ ടീമിൽ അംഗമാണ്.
നമ്മൾ ഒരു കാര്യം ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ നമ്മോട് കൂടെ ഉണ്ടാകുമെന്ന പൗലോ കൊയ്‌ലോയുടെ വാക്കുകളാണ് യാസ്മിൻ പുതിയ കാലത്തെ സ്ത്രീകളോടും കുട്ടികളോടും പറയാനുള്ളത്. യാത്ര ചെയ്യുക അതിനായി ആഗ്രഹിക്കുക യാസ്മിൻ പറയുന്നു.
ഓരോ യാത്രയും നമ്മെ കൂടുതൽ നമ്മിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. ഭൂമി ഒരു കുഞ്ഞു ഗോളമായി ചുരുങ്ങുകയും നാം അതിലെ വെറുമൊരു മുകുളമായി മാറുകയും ചെയ്യുന്നു. ഞാൻ എന്ന മനുഷ്യന്റെ അഹന്ത അതോടെ അവസാനിക്കുന്നു, യാസ്മിൻ പറഞ്ഞു. അടുത്തിടെ ഈജിപ്തിൽ നിന്നും യാസ്മിൻ കൊണ്ടുവന്ന ഫറവോയുടെ പ്രതിമ പതിയെ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് പോലൊരു തോന്നൽ.
Content Highlight: Traveling with a Kozhikode native who sees travel as the life