തിരുവനന്തപുരം: വേസ്റ്റ് മാനേജ് ചെയ്യുന്നതിനുള്ള പരാജയമാണ് നാട് നേരിടുന്ന പ്രശ്‌നമെന്ന് യാത്രികന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. വിളപ്പില്‍ശാല പ്രശ്‌നമൊക്കെ വന്നിട്ടും വേസ്റ്റ് മാനേജ്‌മെന്റിന് ഒരു ശാശ്വത പരിഹാരം കാണാന്‍ കേരളത്തിലെ സിസ്റ്റത്തിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരം തീപ്പിടുത്തത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍വെച്ച്
വേസ്റ്റ് മാനേജ്‌മെന്റിനെക്കുറിച്ച് പഠിപ്പിക്കുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
‘വേസ്റ്റ് മാനേജ് ചെയ്യുന്നതിനുള്ള പരാജയം രാജ്യം മുഴുവന്‍ നേരിടുന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നം ഒരു ദിവസം കൊണ്ട് പരിഹരിക്കാനാകില്ല. മനുഷ്യന്റെ ആവശ്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഒരു ബിസ്‌ക്കറ്റ് വാങ്ങിയാലും വേസ്റ്റുണ്ടാകുന്നുണ്ട്. അങ്ങനെ നമ്മുടെ ഓരോ പ്രവര്‍ത്തിയും വേസ്റ്റ് ഉണ്ടാക്കുന്നുണ്ട്.
നമുക്ക് പല കാര്യത്തിനും വകുപ്പുകളുണ്ട്. എന്നാല്‍ വേസ്റ്റിനെ മാനേജ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ സംവിധാനമുണ്ടോ? വികസിത നാടുകളില്‍ വേസ്റ്റ് മാനേജ്‌മെന്റിന് നല്ല സിസ്റ്റമുണ്ട്. എന്നാല്‍ വിളപ്പില്‍ശാല പ്രശ്‌നമൊക്കെ വന്നിട്ടും ഒരു ശാശ്വത പരിഹാരം കാണാന്‍ കേരളത്തിലെ സിസ്റ്റത്തിനായില്ല.