| Friday, 28th June 2019, 12:04 am

വളഞ്ഞ് പുളഞ്ഞൊരു യാത്ര പോകാം വാല്‍പ്പാറയിലേയ്ക്ക്. . . .

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂരങ്ങളുടെ മാത്രം സ്ഥലമല്ല തൃശ്ശൂര്‍, കിടിലന്‍ പ്രകൃതി ഭംഗി ആസ്വദിക്കാനും അതിനെ അനുഭവിക്കാനും ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ അനവധിയാണ്. ആതുരപ്പിള്ളിയ്ക്കും വാഴച്ചാലിനും അപ്പുറം തേയില കെളുന്തുകള്‍ പോലെ നിര്‍മ്മലമായ മലക്കപ്പാറ എന്ന മലയോര ഗ്രാമം. . അതു കഴിഞ്ഞ് തമിഴ്നാട്ടിലേയ്ക്ക് പോകുമ്പോള്‍ മനസ്സു നിറയ്ക്കുന്ന കാഴ്ചകള്‍. . അവസാനം വാല്‍പ്പാറ.

കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പും വശ്യമായ കറുപ്പും കാട്ടു പൂക്കളുടെ ചുവപ്പും. . അങ്ങനെ കാടിനെ അടുത്തറിയാന്‍ സാധിക്കുന്നതാണ് ആതിരപ്പിള്ളി മുതലുള്ള ഇടങ്ങള്‍.

അമ്പലപ്പാറ കഴിഞ്ഞ് വാല്‍പ്പാറ എത്തുന്നതിന് മുന്‍പാണ് ഷോളയാറിന്റെ വൃഷ്ടി പ്രദേശം. കരിങ്കുരങ്ങുകളും മലയണ്ണാനും എല്ലാം ഓടിക്കളിക്കുന്ന കാട്. അവയുടെ ശബ്ദങ്ങള്‍ പലതായി ചിന്നിത്തെറിച്ച് കാതില്‍ വന്നലയ്ക്കും. കാട്ടു പാതയിലൂടെ ഏറെ ദൂരം പോകണം. പോകുന്ന വഴിയ്ക്ക് ചെറിയൊരു വെള്ളച്ചാട്ടമുണ്ട്. കടുവ സാന്നിധ്യമുള്ള പ്രദേശം കൂടിയാണിത്.

തേയിലകൃഷി പ്രധാന ഉപജീവന മാര്‍ഗ്ഗമായ ഗ്രാമമാണ് മലക്കപ്പാറ. കോടമഞ്ഞില്‍ പൊതിഞ്ഞ തേയിലക്കൊളുന്ത്. . . രാത്രി തങ്ങാന്‍ ഹോം സ്റ്റേ സൗകര്യങ്ങളും ലഭ്യമാണ്. ആനയിറങ്ങുന്ന ഇടമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മലക്കപ്പാറ ചെക്ക് പോസ്റ്റ് കഴിഞ്ഞെത്തുന്നത് തമിഴ്നാട്ടിലേയ്ക്കാണ്. ഷോളയാര്‍ ഡാം സിറ്റിയാണ് ആദ്യത്തെ കാഴ്ച. തിരക്കു പിടിച്ച ചെറിയ ഇടം.

ഇവിടെ നിന്നും വീണ്ടും മുന്നോട്ട് പോകണം വാല്‍പ്പാറയെത്താന്‍. തേയിലത്തോട്ടങ്ങള്‍ കണ്ട്. . . വനത്തിലെ മരങ്ങള്‍ കണ്ട്. . കുറേ അധികം മുന്നോട്ട് പോകണം. സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടില ഏറ്റവും മനോഹരമായ ഇടമാണ് വാല്‍പ്പാറ. അണ്ണാമലൈ മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

മലയോര പട്ടണത്തിന്റെ എല്ലാ കാഴ്ചകളും നിറഞ്ഞു നില്‍ക്കുന്ന ഇടം. 40 ഹെയര്‍പിന്‍ വളവുകളാണ് വാല്‍പ്പാറയിലെ പ്രധാന അത്ഭുതം. ഒമ്പതെണ്ണം എത്തുമ്പോള്‍ ലോംസ് വ്യൂപോയന്റില്‍ എത്താം. പൊളളാച്ചിയെ ഒരു ഭൂപടത്തില്‍ എന്ന പോലെ വ്യക്തമായി കാണാന്‍ സാധിക്കുന്ന സ്ഥലം. മുകളിലേയ്ക്ക് കയറിച്ചെല്ലുന്നിടമാണ് ആളിയാര്‍. ബോട്ടിംഗ് സൗകര്യങ്ങളും ലഭ്യമാണ്.

വാല്‍പ്പാറയില്‍ എത്തിച്ചേരാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ടൂറിസം പാക്കേജ് ഉണ്ട്. അതുപോലെ കെഎസ്ആര്‍ടിസി സര്‍വ്വീസും ലഭ്യമാണ്.

ചാലക്കുടിയില്‍ നിന്നു യാത്ര തുടങ്ങിയാല്‍ തുമ്പൂര്‍മുഴി, ആതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍, വാല്‍പ്പാറ, 40 വളവുകള്‍, ആളിയാര്‍ ഡാം എന്നിവ ഒറ്റയടിയ്ക്ക് സന്ദര്‍ശിച്ച് മടങ്ങാവുന്നതാണ്.

We use cookies to give you the best possible experience. Learn more