കണ്ണൂരില്‍ വന്നാല്‍ കൊട്ടത്തലച്ചി മല ഒന്നു കാണണം. ട്രെക്കിംഗിന് പറ്റിയ ഇടമാണിത്. മലയാറ്റൂര്‍ മലകയറുന്ന പോലെ കുരിശുകള്‍ താണ്ടി മലമുകളിലെ ദേവാലയം കാണാന്‍ നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്.
കണ്ണൂരില്‍ നിന്നും 60 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നൊരു ഹില്‍ സ്റ്റേഷനാണ് താബോര്‍. . . ചെറിയൊരു കവല. കുറച്ച് കടകളും ഒരു ബസ്സ്റ്റോപ്പും മാത്രം കാണാം. താബോര്‍ കവലയില്‍ നിന്നും 50 മീറ്റര്‍ മുന്നോട്ട് പോയാല്‍ ഇടത്തോട്ട് ടാര്‍ ചെയ്ത ചെറിയൊരു റോഡ് കാണാം. തപാല്‍ ഓഫീസ് എന്നൊരു ബോര്‍ഡും അവിടെ വച്ചിട്ടുണ്ട്. ആ വഴി വേണം കൊട്ടത്തലച്ചിമലയിലേക്ക് പോകാന്‍.
ആ റോഡ് കയറുമ്പോള്‍ തന്നെ വലത വശത്തായി താബോര്‍ തപാല്‍ ഓഫീസും കാണാം. ഏകദേശം 200 മീറ്റര്‍ വരെ ടാര്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഓഫ് റോഡാണ്. വലിയ വാഹനങ്ങളില്‍ ജീപ്പിനു മാത്രമേ പോകാന്‍ പറ്റൂ. ചെറിയ വാഹനങ്ങളാണെങ്കില്‍ ബുള്ളറ്റ് പോലുള്ളവയ്ക്കും പോകാം. വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതാണ് ഈ വഴി. ഏകദേശം 500 മീറ്ററോളം പോയാല്‍ കുത്തനെയുള്ള കയറ്റമാണ്.
ഏകദേശം 300 മീറ്റര്‍ കഴിയുമ്പോള്‍ വഴിയുടെ ഇടത് വശത്തായി ഒരു കുരിശും ഒരു നേര്‍ച്ചപെട്ടിയും കാണാം. ആ കുരിശിന്റെ ഇടത് വശത്തൂടെ ഉള്ളിലേക്ക് ഒരു വഴി ഉണ്ട്. കാട് പിടിച്ചു കിടക്കുന്നൊരു വഴി. അത് വഴിയേ വേണം കൊട്ടത്തലച്ചിമലയിലേയ്ക്ക് പോകാന്‍.
എവിടെ നോക്കയാലും പച്ചപ്പ്! അധികം ആരും കടന്ന് ചെല്ലാത്തതിനാല്‍ മുന്നോട്ടുള്ള വഴിയില്‍ പല ഭാഗത്തും കാട് പിടിച്ചു കിടക്കുകയാണ്. വഴിയുടെ രണ്ടു ഭാഗത്തും കവുങ്ങ് മരങ്ങള്‍ ധാരാളമായി കാണാന്‍ സാധിക്കും. ദൂരെയായി കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന മലനിരകള്‍.
പശ്ചിമഘട്ടത്തിന്റെ വടക്കു ഭാഗത്ത് 2700 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലയാണ് കൊട്ടത്തലച്ചിമല. നിരവധി അപൂര്‍വ്വയിനം ഔഷധ സസ്യങ്ങളുടെ കലവറയാണ് ഇവിടം. കൂടാതെ അപൂര്‍വ്വയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണിത്.
കൊട്ടത്തലച്ചിമലയുടെ മുകളിലായി ഒരു ദേവാലയം സ്ഥിതി ചെയ്യുന്നുണ്ട്. ക്രിസ്തുമത വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ് അവിടം. കൊട്ടത്തലച്ചി കുരിശുമല എന്നാണ് പൊതുവെ ആ ദേവാലയം അറിയപ്പെടുന്നത്. മലബാറിന്റെ മലയാറ്റൂര്‍ എന്നും അറിയപ്പെടുന്നു. 1958 ഏപ്രില്‍ 4 ന് ഫ: മാത്യൂ മണ്ണൂരാംപറമ്പില്‍ ആയിരുന്നു ഈ കുരിശുമല സ്ഥാപിച്ചത്. അന്നത്തെ ജന്മി ആയിരുന്ന ശ്രീ കൂരാടകത്ത് കുഞ്ഞപ്പന്‍ നമ്പ്യാര്‍ ആണ് കുരിശുമലക്ക് ആവശ്യമായ ഭൂമി ധാനമായി കൊടുത്തത്.
ഇനി കുത്തനെയുള്ള മലകയറ്റമാണ്. കയറ്റം തുടങ്ങുന്ന സ്ഥലത്ത് ഒരു കുരിശുണ്ട്. അങ്ങനെ നിശ്ചിത ദൂരം ഇടവിട്ടു 14 കുരിശുകള്‍ താണ്ടി വേണം മുകളിലത്തെ ദേവാലയത്തില്‍ എത്താന്‍.
പുല്‍മേടുകള്‍ താണ്ടിയുള്ള യാത്ര തീര്‍ത്തും രസകരമാണ്. ചുറ്റുമുള്ള അഗാതമായ ഗര്‍ത്തങ്ങള്‍, ദൂരെയായി കാണുന്ന കാടുകള്‍, മലനിരകള്‍, പുല്‍മേടുകള്‍ എല്ലാം വലിയ അനുഭവമാണ് സമ്മാനിയ്ക്കുന്നത്. പതിനഞ്ചാമത്തെ കുരിശ് മുകളില്‍ നിരപ്പായ പ്രദേശത്താണ് ഉള്ളത്. അല്പം മാറി ഒരു ദേവാലയവും സ്ഥിതി ചെയ്യുന്നു. വെയിലും തണുപ്പും കോടമഞ്ഞും നിമിഷങ്ങള്‍കുള്ളില്‍ മാറി മാറി വരുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.