സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ തുരുത്താണ് മാഥേരാന്‍.
സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് മാഥേരാന്.
മാഥേരാന് ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാതായത്.
അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള ഏക വാഹനം. പിന്നെയുള്ള വാഹനം കുതിര വണ്ടികളും മനുഷ്യര്‍ വലിക്കുന്ന വണ്ടികളുമാണ്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. മാഥേരാന്‍ എന്നാല്‍ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന കാടുകള്‍ എന്നാണ് അര്‍ഥം.
ഇന്ത്യക്കാര്‍ക്ക് അന്യമായി കിടന്ന പ്രദേശത്തിനെ ഇത്ര മനോഹരമാക്കിയെടുത്തത് ബ്രിട്ടീഷുകാരാണ്. 1850കളിലാണ് മലമുകളിലെ കാടുകളെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയത്.
വേനല്‍ക്കാല വസതികളും മറ്റും അതിന് ശേഷമാണ് അവിടെ വന്നു തുടങ്ങിയത്. 38 വ്യൂ പോയന്റുകളാണ് മാഥേരാന്റെ മറ്റൊരു ആകര്‍ഷണം. 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന വ്യൂ പോയന്റുകളാണ് ഇവിടുത്തെ പ്രത്യേകത.
ലൂയ്സാ പോയന്റ് എന്നു പേരുള്ള വ്യൂ പോയന്റില്‍ നിന്നും പ്രബാല്‍ കോട്ടയുടെ കാഴ്ചകള്‍ കാണാം. വണ്‍ ട്രീ ഹില്‍ പോയന്റ്, ഹാര്‍ട് പോയന്റ്, മങ്കി പോയന്റ്, രാംഭാഗ് പോയന്റ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ മറ്റ് വ്യൂ പോയിന്റുകള്‍.
Read: സ്വവര്‍ഗ്ഗാനുരാഗ വിധിയിൽ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം കോടതിക്ക് വിട്ടു
പാര്‍സി, ആംഗ്ലോ ഇന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ കെട്ടിടങ്ങള്‍ക്കോ റോഡുകള്‍ക്കോ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇവിടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദിക്കുന്നതല്ല.
കനത്ത മഴ പെയ്യുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ ഒഴികെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറെ യോജിച്ചത്. വര്‍ഷം മുഴുവന്‍ തണുപ്പു നിറഞ്ഞ കാലാവസ്ഥയുള്ള ഇവിടം മുംബൈ പൂനെ നിവാസികളുടെ പ്രധാന വീക്കെന്‍ഡ് ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയാണ്.