| Friday, 5th October 2018, 10:52 pm

ലക്ഷദ്വീപില്‍ പോകാം എളുപ്പത്തില്‍... ഈ കടമ്പകള്‍ കടന്നാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ യാത്രയേ ഉള്ളൂ ലക്ഷദ്വീപിലേയ്ക്ക്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹമാണ് ലക്ഷദ്വീപ്. ഇതില്‍ 11 ദ്വീപുകളില്‍ ജനവാസമുണ്ട്. യാത്ര ഇഷ്ടമുള്ള ആളുകള്‍ ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്.

ഒരേസമയം ചെലവു കൂടിയതും കുറഞ്ഞതുമായ യാത്രയാണ് ലക്ഷദ്വീപിലേയ്ക്ക്. എന്നാല്‍ അത്രപെട്ടെന്നൊന്നും ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ കഴിയില്ല. അതിനു ചില കടമ്പകള്‍ കടക്കണം. നവംബര്‍ മുതല്‍ മെയ് പകുതിവരെയാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഴക്കാലത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.


ALSO READ:  ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി കണ്ണു തുറന്നു; എല്ലാവരും പ്രാര്‍ത്ഥിക്കണം: സ്റ്റീഫന്‍ ദേവസ്യ


എങ്ങനെ പോകാം

ലക്ഷദ്വീപിലെത്താന്‍ ആദ്യം സ്‌പോണ്‍സറെ കണ്ടെത്തണം. പിന്നീട് ഈ മൂന്നു വഴികള്‍ സ്വീകരിക്കാം. ഒന്ന്- യാത്ര, ഭക്ഷണം, താമസം ഉള്‍പ്പെടെ ഒരാള്‍ക്ക് 25000 രൂപ നിരക്കില്‍ സര്‍ക്കാരിന്റെ ലക്ഷദ്വീപ് പാക്കേജില്‍ പോകാം. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നതിന്റെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്യണം.

രണ്ട്- സ്വകാര്യ ടൂര്‍ ഏജന്‍സികളുടെ പാക്കേജില്‍ ലക്ഷദ്വീപില്‍ പോകണം. ഒരുപാട് ഏജന്‍സികളുണ്ട് ടൂര്‍ നടത്തുന്നവര്‍. പലരും പല ഫീസുകള്‍ ആണ് ഈടാക്കുന്നത്. ദ്വീപുകള്‍ക്ക് അനുസരിച്ച് ഏകദേശം 15000 മുതല്‍ 30000 രൂപ വരെ സ്വകാര്യ ഏജന്‍സികള്‍ ഈടാക്കും. സര്‍ക്കാര്‍-സ്വകാര്യ പാക്കേജില്‍ സ്‌പോണ്‍സര്‍മാരെ ഇവര്‍ത്തന്നെ ഏര്‍പ്പാടാക്കും.


ALSO READ:  മത്സ്യത്തൊഴിലാളിയായ സവാദിന്റെ കൊലപാതകം: ഭാര്യയും സഹായിയും അറസ്റ്റില്‍


മൂന്ന്- സ്‌പോണ്‍സര്‍മാരെ അവരവര്‍ തന്നെ കണ്ടെത്തി പോകുക. ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിത്. സ്‌പോണ്‍സര്‍മാര്‍ നമ്മളെ അതിഥികളായി അങ്ങോട്ട് ക്ഷണിക്കുന്നു. ഇതിനുള്ള പെര്‍മിറ്റ് യാത്രപോകുന്നവര്‍ എടുക്കണം.

പെര്‍മിറ്റ് ലഭിക്കാന്‍

ആദ്യം സ്പോണ്‍സറുടെ ഡിക്ലറേഷന്‍ ഫോം സംഘടിപ്പിക്കണം. സ്‌പോണ്‍സര്‍ ലക്ഷദ്വീപ് നിവാസിയായിരിക്കണം. ഞാന്‍ ഇദ്ദേഹത്തെ/ഇവരെ ലക്ഷദ്വീപിലേക്ക് ക്ഷണിക്കുന്നു എന്ന ക്ലിയറന്‍സ് ആണ് ലഭിക്കേണ്ടത്. പിന്നീട് ഡിക്ലറേഷന്‍ ഫോമുമായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കുക.

തന്റെ പേരില്‍ കേസുകള്‍ ഒന്നും ഇല്ല എന്ന് തെളിയിക്കുന്നതിനാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. അപേക്ഷിക്കുമ്പോള്‍ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, അഡ്രസ്സ് എന്നിവ സഹിതം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അപേക്ഷ എഴുതി പൊലീസില്‍ അപേക്ഷിക്കുക. കേസുകള്‍ ഇല്ലെങ്കില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തുടര്‍ന്ന് ലക്ഷദ്വീപ് ഓഫീസില്‍ പെര്‍മിറ്റിനു അപേക്ഷിക്കുക.


പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അഡ്രസ്സ്, തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ, രണ്ടു അയല്‍വാസികളുടെ അഡ്രസ്സ്, ഡിക്ലറേഷന്‍ ഫോം എന്നിവയുമായി കൊച്ചിയിലെ വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ലക്ഷദ്വീപ് ഓഫീസില്‍ പോയി പെര്‍മിറ്റ് അപേക്ഷിക്കുക. 200 രൂപയുടെ ഹെറിറ്റേജ് ഫീസ് അടച്ചുവേണം അപേക്ഷ സമര്‍പ്പിക്കാന്‍.

ഏകേദശം ഒരുമാസമെടുക്കും പെര്‍മിറ്റ് ലഭിക്കാന്‍. പെര്‍മിറ്റ് ലഭിച്ചാല്‍ ടിക്കറ്റ് എടുക്കാം. ടിക്കറ്റ് ലഭിക്കാന്‍ താമസമെടുക്കും. കേരളത്തില്‍ നിന്നും ദിനംപ്രതി ആയിരങ്ങളാണ് ലക്ഷദ്വീപിലേയ്ക്ക് പോകുന്നത്. ടൂറിസം സീസണ്‍ ആണെങ്കില്‍ ഒരുമാസം വരെ ടിക്കറ്റിനുവേണ്ടി കാത്തു നില്‍ക്കേണ്ടി വരും.

കപ്പലില്‍ പോകാന്‍

പെര്‍മിറ്റ് കിട്ടിയാല്‍ കപ്പല്‍ ഷെഡ്യൂള്‍ നോക്കി കൊച്ചിയില്‍ നിന്നോ, മംഗളൂരില്‍ നിന്നോ, ബേപ്പൂരില്‍ നിന്നോ കപ്പല്‍ ബുക്ക് ചെയ്യാം. കപ്പലില്‍ ഫസ്റ്റ് ക്ലാസ്, (മുറിയില്‍ രണ്ടു ബെഡ്, അറ്റാച്ച്ഡ് ബാത്ത്‌റൂം). സെക്കന്റ് ക്ലാസ്സ്, (റൂമില്‍ നാലു ബെഡ് ഉണ്ടാകും) ബങ്ക് ക്ലാസ് എന്നിങ്ങനെയാണ് റൂം സൗകര്യം. ഏറ്റവും പൈസ കുറഞ്ഞതാണ് ബങ്ക് ക്ലാസ്. ട്രെയിനിലെ തേഡ് എ.സി പോലെയുള്ള സംവിധാനം.

വിമാനത്തില്‍ പോകാന്‍

അഗത്തി ദ്വീപിലേക്കാണ് വിമാന സര്‍വീസുള്ളത്. ചെലവു കൂടുതലുള്ള യാത്രാ മാര്‍ഗമാണിത്. പെര്‍മിറ്റ് എടുക്കുമ്പോള്‍ അഗത്തി വഴി, പോകാന്‍ ഉദ്ദേശിക്കുന്ന ദ്വീപിലേക്ക് പെര്‍മിറ്റിനു അപേക്ഷിക്കുക. അഗത്തിയില്‍ വിമാനം ഇറങ്ങിയാല്‍ ജെട്ടിയില്‍ നിന്നും ഓരോ ദ്വീപിലേക്കും വെസല്‍ ടിക്കറ്റ് ലഭിക്കും. ബോര്‍ഡിങ് പാസ് കാണിച്ചുവേണം ടിക്കറ്റ് എടുക്കാന്‍.


ദ്വീപില്‍ എത്തിയാല്‍

ദ്വീപില്‍ എത്തിയാല്‍ ആദ്യം ചെയ്യേണ്ടത് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും പെര്‍മിറ്റുമായി ദ്വീപിലെ പൊലീസ് സ്റ്റേഷനില്‍ പോയി എന്‍ട്രി സീല്‍ പതിപ്പിക്കണം. എസ്.ഐ സീല്‍ വെച്ചു കഴിഞ്ഞാല്‍ പെര്‍മിറ്റ് തിരികെ വാങ്ങി കയ്യില്‍ സൂക്ഷിക്കുക. ദ്വീപില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വീണ്ടും പെര്‍മിറ്റ് റിട്ടേണ്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി എന്നിവയുമായി എക്‌സിറ്റ് സീല്‍ പതിപ്പിക്കുക.

ഏകദേശ ചെലവുകള്‍

  • കപ്പലില്‍ പോകാന്‍ ഫസ്റ്റ് ക്ലാസിനു 3740 രൂപയും സെക്കന്റ് ക്ലാസിനു 1220 രൂപയും ബങ്ക് ക്ലാസിനു 480 രൂപയുമാണ് ചെലവ്. വെസലില്‍ കടലിലൂടെ സഞ്ചരിക്കാന്‍ 500 രൂപയാകും.
  • എ.സി റൂം ആണെങ്കില്‍ 900 രൂപയും നോണ്‍ എസി റൂം ആണെങ്കില്‍ 450 രൂപയുമാകും.
  • വിമാന ടിക്കറ്റ് ഏകദേശം 6000 രൂപയാകും. സീസണ്‍ അനുസരിച്ച് മാറ്റംവരും.
  • ഭക്ഷണത്തിനു ദിവസം ചുരുങ്ങിയത് 200 രൂപയേ ആകൂ. കൂടുതലും കടല്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ലഭിക്കുക.
  • ഡൈവിംഗ്, കയാക്കിങ്, ഗ്ലാസ്സ് ബോട്ടിങ് തുടങ്ങിയ ജല ടൂറിസമാണ് ലക്ഷദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം. ഒരാള്‍ക്ക് 2000 രൂപയാണ് ഡൈവിംഗ് ചാര്‍ജ്. ഗ്ലാസ്സ് ബോട്ടിങ്ങിനു 1500 രൂപയാണ് ചാര്‍ജ്. ഒരു ബോട്ടില്‍ 10 പേര്‍ക്ക് സഞ്ചരിക്കാം.

കടപ്പാട്: ടൂറിസം ന്യൂസ് ലൈവ്

We use cookies to give you the best possible experience. Learn more