സാബിത്ത് മലേഷ്യയില്‍ പോയില്ലെന്ന് യാത്രാ രേഖകള്‍ ; മലേഷ്യയില്‍ പോയെന്ന പ്രചരണം തെറ്റ്
Nipah virus
സാബിത്ത് മലേഷ്യയില്‍ പോയില്ലെന്ന് യാത്രാ രേഖകള്‍ ; മലേഷ്യയില്‍ പോയെന്ന പ്രചരണം തെറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th May 2018, 12:12 pm

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയില്‍ വളച്ചുകെട്ടിയില്‍ മൂസയുടെ മകന്‍ സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്ന പ്രചരണം തെറ്റ്. സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാ രേഖകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ യു.എ.ഇയില്‍ പോയതായി മാത്രമാണ് സാബിത്തിന്റെ പാസ്‌പോര്‍ട്ടിലുള്ളത്. 2017 ഫെബ്രുവരിയില്‍ യു.എ.ഇയില്‍ പോയ സാബിത്ത് മൂന്ന് മാസം മാത്രമാണ് അവിടെ നിന്നത്.


Dont Miss തിങ്കളാഴ്ച കർണ്ണാടകയിൽ ബി.ജെ.പി ഹർത്താൽ


നിപ വൈറസിന്റെ ഉറവിടം സാബിത്തിന്റേയും സാലിഹ്വിന്റേയും വീട്ടിലെ കിണറ്റില്‍ നിന്നും പിടിച്ച വവ്വാലുകളല്ലെന്ന വൈറോളജി ലാബിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു സാബിത്തിന് രോഗം പിടിപെട്ടത് മലേഷ്യല്‍ വെച്ചാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടരാന്‍ തുടങ്ങിയത്.

സാബിത്ത് അവിടെ ചികിത്സയിലായിരുന്നെന്നും രോഗം ഭേദമാവാത്തതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നുമായിരുന്നെന്നും ചില പത്രങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ബന്ധുക്കള്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാബിത്തിന്റെ യാത്രാ രേഖകള്‍ ഉള്‍പ്പെടെ പുറത്തുവന്നത്.

ദുബായിലായിരുന്ന സാബിത്ത് അള്‍സറിനെ തുടര്‍ന്നാണ് ആറ് മാസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയത്. എഞ്ചിനിയറായ സഹോദരന്‍ സ്വാലിഹും വിസ കാലാവധി കഴിഞ്ഞതോടെ സാബിത്തിനൊപ്പം നാട്ടിലേക്ക് മടങ്ങി. മരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് വരെ സാബിത്ത് നാട്ടില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് സ്വാലിഹ് വീണ്ടും ദുബായില്‍ പോയെങ്കിലും ജോലി ശരിയാവാത്തതിനെ തുടര്‍ന്ന് മടങ്ങി. രണ്ട് മാസം മുന്‍പ് നാട്ടിലെത്തി സ്വാലിഹ് കോഴിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുകയും ചെയ്തു. അതിനിടെ അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിന്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.