മുംബൈ: ദക്ഷിണാഫ്രിക്കയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ ആറു വയസ്സുകാരനെ അധികൃതര്‍ തടഞ്ഞുവെച്ചു. മാതാപിതാക്കളില്ലാതെ കുട്ടിക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രചെയ്യാന്‍ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതര്‍ കുട്ടിയെ തടഞ്ഞു വെച്ചയത്.
മുംബൈയിലെ പ്രമുഖ പരസ്യ ഏജന്‍സിയായ “മാഡ്”ന്റെ ഉടമയായ പിയൂഷ് താക്കറിന്റെ മകന്‍ ജെയ്ക്കാണ് യാത്ര കമ്പനിയുടെ ജാഗ്രത കുറവ് മൂലം വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടത്. മകനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതറിഞ്ഞെത്തിയ പിതാവ് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെയാണ് കണ്ടത് .
പീയുഷ് താക്കറും ഭാര്യയും മകനുമൊത്തുള്ള യാത്രക്കാണ് തയ്യാറെടുത്തിരുന്നത്. പിന്നീട് ഇയാള്‍ തന്റെ സഹോദരനെയും കുടുംബത്തേയും ഒപ്പം കൂട്ടി. എന്നാല്‍ യാത്ര തീരുമാനിച്ചതിന് പിന്നാലെ താക്കറിന് നെഞ്ചുവേദന വരികയും ആന്‍ജിപ്ലാസ്റ്റിക് വിധേയനായി വിശ്രമത്തിലാവുകയും ചെയ്തു. ഇതോടെ താക്കറും ഭാര്യയും യാത്ര റദ്ദാക്കുകയായിരുന്നു. സഹോദരന്റെ കുടുംബത്തിനൊപ്പം മകനെ വിടാനും തീരുമാനിച്ചു.
എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയ ജെയ്നെ അധികൃതര്‍ തടയുകയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കയിലെ നിയമം ശക്തമാണെന്നും മാതാപിതാക്കളില്ലാതെ കൊണ്ടുപോകുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമാനത്താവള അധികൃതര്‍ യാത്ര നിഷേധിച്ചത്.
തുടര്‍ന്ന് പിതൃസഹോദരനും കുടുംബവും പുലര്‍ച്ചെ മൂന്നു മണിയോടെ വിമാനത്തില്‍ യാത്ര തിരിക്കുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയ താക്കര്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന കുട്ടിയെ ആണ് കാണുന്നത്.
ഹീന ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന കമ്പനി വഴിയാണ് ഇവര്‍ യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്. കമ്പനിയുടെ നിരുത്തരവാദപരമായ സമീപനവും തങ്ങള്‍ക്കുണ്ടായ ദുരനുഭവവും ചോദ്യം ചെയ്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.