റഷ്യയിലെ വടക്കന്‍ ഓസ്ലെറ്റിയ എന്ന സ്ഥലത്താണ് ദര്‍ഗാവ് എന്ന ഗ്രാമം. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന വിധം മനോഹരിയായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗ്രാമം മനോഹരമാണെങ്കിലും ഒരല്‍പം ഭയത്തോടെയാണ് ഈ ഗ്രാമത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ “മരിച്ചവരുടെ നഗരം” എന്നാണ്.
400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണ് ഉള്ളത്. ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളും.
ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. 17 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സ്ഥലത്തിന്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ശവപ്പറമ്പായി മാറിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്ലേഗ് രോഗം ഗ്രാമത്തിലാകെ പടര്‍ന്നപ്പോള്‍ പുറത്ത് നിന്നാരും അകത്തോട്ട് കയറാതായി. ഗ്രാമവാസികള്‍ക്ക് പുറത്തേക്കും പോകാനായില്ല. മാത്രമല്ല, മരിക്കുന്നവരെ വീട്ടില്‍ തന്നെ അടക്കം ചെയ്തിട്ടുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഇവരെ അടക്കം ചെയ്തിരിക്കുന്നത് വസ്ത്രങ്ങളോടും മറ്റ് സ്വത്തുക്കളോടും കൂടിയാണെന്നും ഗവേഷകര്‍ പറയുന്നു.
നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും മറ്റും മനസിലാക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഈ വീടുകള്‍ക്കകത്ത് ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.