നഗ്‌നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും വൈവിധ്യമാര്‍ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന ലൂവ്ര് അബുദാബി മ്യൂസിയം പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി തുറന്നത്.
ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത മ്യൂസിയം അബുദാബിയിലെ സാംസ്‌കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
യു.എ.ഇയും ഫ്രാന്‍സും തമ്മില്‍ 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഈ മ്യൂസിയത്തില്‍ 600 പ്രദര്‍ശനവസ്തുക്കളുണ്ട്. ഇതില്‍ 300 എണ്ണം 13 ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്നും കൊണ്ടുവന്നിട്ടുള്ളതാണ്.
പ്രദര്‍ശനവസ്തുക്കള്‍ മാത്രമല്ല, മ്യൂസിയത്തിന്റെ കെട്ടിടം തന്നെ ഒരു അദ്ഭുതകാഴ്ചയാണ്. കടല്‍ കാഴ്ചകളും മ്യൂസിയത്തില്‍ നിന്ന് ആസ്വദിക്കാം. 7,850 മെറ്റല്‍ സ്റ്റാഴ്സ് കൊണ്ടാണ് മ്യൂസിയം അലങ്കരിച്ചിരിക്കുന്നത്.
പഴയകാലം മുതല്‍ ഇതുവരെയുള്ള സംഭവങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ 12 അദ്ധ്യായങ്ങളിലായി ഈ മ്യൂസിയത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ആദ്യത്തേത് ഗ്രാമങ്ങളുടെ ജനനം, മതങ്ങളുടെ ഉത്ഭവം, പ്രപഞ്ച വിവരണശാസ്ത്രം, രാജകൊട്ടാരങ്ങളുടെ കാഴ്ചകള്‍. പാബ്ലോ പിക്കാസോ, ലിനാര്‍ഡോ ഡാവിഞ്ചി, എഡ്വേര്‍ഡ് മാനറ്റ്, ഗുസ്റ്റാവെ കെയ്ലേബോട്ടെ, ക്ലൗഡ് മോണറ്റ് എന്നിവരുടെ ചിത്രങ്ങളാണ് മറ്റ് പ്രധാന കാഴ്ചകള്‍.
നഗ്‌നചിത്രങ്ങള്‍, ആധുനിക ചിത്രകലകള്‍, വിവിധ മതങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് തന്നെ ലൂവ്ര് മ്യൂസിയം മറ്റ് മ്യൂസിയങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ലോകത്തുള്ള എല്ലാ സംസ്‌കാരങ്ങളെയും കോര്‍ത്തിണക്കുന്ന ഒന്നാണ് മ്യൂസിയത്തിലുള്ളത്.