തണുത്തുറഞ്ഞ് ആറ് മഞ്ഞുമലകള്‍ താണ്ടി ഒരു യാത്ര പോയാലോ?
Travel Diary
തണുത്തുറഞ്ഞ് ആറ് മഞ്ഞുമലകള്‍ താണ്ടി ഒരു യാത്ര പോയാലോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2019, 11:53 pm

ദേവഭൂമി എന്നറിയപ്പെടുന്ന ചന്ദ്രശില കൊടുമുടി ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലാണ്. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണ് ചന്ദ്രശിലയിലേക്കുള്ള യാത്ര. രാക്ഷസ രാജവായ രാവണനെ വധിച്ച ശേഷം ശ്രീരാമന്‍ തപസ്സനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില എന്നാണ് അറിയപ്പെടുന്നത്.

ഹിമാലയന്‍ മലനിരകളില്‍ ഒന്നായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപപ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടകള്‍, നന്ദദേവി, തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍, ഉദയാസ്തമയം എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു.


പര്‍വത നിരകളില്‍നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റില്‍ അസ്ഥിയും മജ്ജയും മരവിച്ചുപോകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ചോപ്ത കനത്ത മഞ്ഞില്‍ മൂടുമ്പോള്‍ ഗ്രാമവാസികള്‍ മലയിറങ്ങി താഴ്‌വാരങ്ങളിലേക്കു പോകും. ഹിമാലയത്തിലെ ഒറ്റപ്പെട്ട ഈ ഗ്രാമത്തില്‍ ജനവാസം വളരെക്കുറവാണ്. വൈദ്യുതി എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഗ്രാമത്തില്‍ മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ കിട്ടുക പ്രയാസം. താമസത്തിന് ലോഡ്ജ് എന്ന് വിളിക്കാവുന്ന ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങള്‍. പിന്നെയുള്ളത് തുറന്ന മൈതാനത്തില്‍ സജ്ജമാക്കിയിട്ടുള്ള ടെന്റുകളാണ്.

പഞ്ച കേദാരങ്ങളില്‍ തൃതീയ സ്ഥാനമാണ് തുംഗനാഥിന്. കേദാര്‍നാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്‍, കല്‍പേശ്വര്‍ എന്നിവയാണ് മറ്റു നാല് കേദാരങ്ങള്‍. ഹിമാലയത്തിലെ അഞ്ചു പര്‍വതങ്ങളിലായി പഞ്ചകേദാരങ്ങള്‍ സ്ഥിതി ചെയ്യുന്നു. തുംഗനാഥിലേതാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം. പഞ്ചകേദാരങ്ങളില്‍ തുംഗനാഥ് ഒഴികെ മറ്റു നാല് ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യക്കാരായ പൂജാരിമാരാണുള്ളത്.

തുംഗനാഥ് ക്ഷേത്രം നിര്‍മിച്ചത് പാണ്ഡവരും പുനര്‍നിര്‍മിച്ചത് ശ്രീശങ്കരാചാര്യരുമാണെന്നാണ് വിശ്വാസം. ചോപ്തയില്‍നിന്നു കാല്‍നടയായി കരിങ്കല്‍പ്പാളികള്‍ വിരിച്ച പാതയിലൂടെയാണ് തുംഗനാഥിലേക്കുള്ള യാത്ര. നാലു കിലോമീറ്റര്‍ ദൂരംതാണ്ടി തുംഗനാഥില്‍ എത്താന്‍ നാലു മണിക്കൂറെടുക്കും. മഞ്ഞുപാളികള്‍ കല്‍പ്പാതയിലുടനീളം പരന്നു കിടക്കുന്നു. കാല്‍ വഴുതിയാല്‍, അഗാധമായ കൊക്കയിലേക്കായിരിക്കും വന്നുപതിക്കുക. വേനല്‍ക്കാലത്തു നടപ്പാതയിലെ മഞ്ഞുരുകിക്കഴിയുമ്പോള്‍ കുതിരസവാരിക്ക് സൗകര്യമുണ്ട്.

മലകയറ്റം ആയാസകരമാണെങ്കിലും ദേവദാരു മരങ്ങളും വിശാലമായി പരന്നുകിടക്കുന്ന പുല്‍മേടുകളും നിറഞ്ഞ മലമടക്കുകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. അതിമനോഹരമായ തൂവലുകള്‍ വിരിച്ച് ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക പക്ഷിയായ മൊണാലിനെ ഇവിടെ കാണാം.


അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് കുറവായതിനാല്‍ ക്ഷീണവും കിതപ്പും അനുഭവപ്പെടും. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി കലുങ്കുകള്‍ പലയിടത്തുമുണ്ട്. കരിങ്കല്‍പ്പാളികള്‍ അടുക്കി നിര്‍മിച്ചിരിക്കുന്ന മനോഹരമായ ക്ഷേത്രമാണ് തുംഗനാഥിലേത്. സമുദ്ര നിരപ്പില്‍നിന്ന് 12500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ നിന്നുള്ള ദൂരക്കാഴ്ച്ച വര്‍ണനാതീതമാണ്.

തുംഗനാഥില്‍നിന്ന് ഒരു കിലോമീറ്റര്‍ മുകളിലാണ് ചന്ദ്രശില കൊടുമുടി. ഇങ്ങോട്ടുള്ള യാത്ര ഏറെ പ്രയാസകരമാണ്. മഞ്ഞു പാളികള്‍ കട്ടപിടിച്ചു കിടക്കുന്ന പാതകളിലൂടെ ചെങ്കുത്തായ കയറ്റം. മറുവശത്തു കോടമഞ്ഞു മൂടിക്കിടക്കുന്ന അഗാധമായ ഗര്‍ത്തം. ആകാശം മുട്ടുന്ന ചന്ദ്രശില. ചന്ദ്രനോട് അടുത്തു സ്ഥിതി ചെയ്യുന്നതു കൊണ്ടാവാം ചന്ദ്രശില എന്ന് പേരു വീണത്. ഇവിടെയും കരിങ്കല്‍പാളികള്‍ അടുക്കിവച്ചു നിര്‍മിച്ച വളരെ ചെറിയ ക്ഷേത്രമുണ്ട്.