| Tuesday, 19th February 2019, 11:18 pm

ക്രൂക്ക്ഡ് ഫോറസ്റ്റ്: വടക്കോട്ടു വളഞ്ഞ പൈന്‍ മരങ്ങളുടെ കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മന്‍ സൈന്യം തകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട് -ക്രൂക്ക്ഡ് ഫോറസ്റ്റ്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത.

വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് 90 ഡിഗ്രി വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട്. എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.

ചില മരങ്ങളുടെ വളവ് പുറത്തേക്ക് മൂന്നു മുതല്‍ ഒന്‍പതു വരെ അടി നീളത്തിലാണ്. ഇതിന്റെ കാരണം പറയുന്ന എന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നാസി അധിനിവേശത്തോടെ നശിപ്പിക്കപ്പെടുകയും ചെയ്തു.


വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. സംരക്ഷിത വനപ്രദേശമാണിത്. പ്രാദേശിക ഭാഷയില്‍ Krzywy Las എന്നാണ് പേര്. ഇത്രയും കൃത്യമായി നിരനിരയായി നട്ടുപിടിച്ചെന്ന പോലുള്ള മരങ്ങളെ വേറെ എവിടെയും കാണാനാകില്ല.

ഇതില്‍ ഏറ്റവും ഉയരത്തിലുള്ള പൈന്‍മരത്തിന് 50 അടി വരെ പൊക്കം കാണും. 1930കളില്‍ നട്ടുവളര്‍ത്തിയവയാണ് ഈ പൈന്‍മരങ്ങളെന്നാണ് കരുതുന്നത്. ഏഴോ പത്തോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വളവ് പ്രത്യക്ഷപ്പെട്ടു. മരത്തിന്റെ “വളയ”ങ്ങളില്‍ നടത്തിയ പരിശോധനയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജനിതകവൈകല്യമാണോ ഇതിനു കാരണമെന്നറിയാനുള്ള പരിശോധനയും നടന്നു. പക്ഷേ, 400 മരങ്ങളില്‍ മാത്രമായി ഇത്തരമൊരു പ്രശ്നം എങ്ങനെ വരാനാണെന്ന ചോദ്യം അപ്പോഴും ബാക്കി.

ഏറ്റവും പ്രചാരത്തിലുള്ള സംശയം ഇതിന് കാരണക്കാരാകുന്നത് മഞ്ഞുവീഴ്ചയാണെന്നതാണ്. മഞ്ഞിന്റെ ഭാരം താങ്ങാനാകാതെ വളഞ്ഞു നില്‍ക്കുകയും ഒടുവില്‍ മഞ്ഞുരുകിപ്പോകുമ്പോള്‍ തിരികെ ഉയരത്തിലേക്ക് വളരാനാകാത്തതുമാണെന്നതാണ് ആ വാദം. പക്ഷേ, ഈ 400 മരങ്ങളേയും ചുറ്റിയുള്ള മറ്റു മരങ്ങളില്‍ അത് സംഭവിക്കുന്നില്ലല്ലോ എന്ന ചോദ്യവും അവിടെ ഉയരുന്നു

ഫര്‍ണിച്ചറുകളും കപ്പല്‍ഭാഗങ്ങളുമെല്ലാം നിര്‍മിക്കാനായി കര്‍ഷകര്‍ തന്നെ കൃത്രിമവഴികളിലൂടെ മരങ്ങളെ വളച്ചതാണെന്ന വാദവുമുണ്ട്. പ്രദേശത്തിന് 50 മൈല്‍ മാറി കടലുമുണ്ട്. ഇത്തരത്തില്‍ മരങ്ങളുടെ രൂപം മാറ്റി ഫര്‍ണിച്ചറുകളുണ്ടാക്കുന്ന രീതി ഇപ്പോള്‍ത്തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ളതുമാണ്.


അതല്ല, കാട്ടിലേക്ക് ഇരച്ചുകയറിയ ജര്‍മന്‍ ടാങ്കുകള്‍ പൈന്‍ മരങ്ങളിലൂടെ കയറിയിറങ്ങുകയും അത് വഴി വരള്‍ച്ച മുരടിച്ചു വളഞ്ഞു പോയതാണെന്ന വാദവുമുണ്ട്. അപ്പോഴും അത്രയും വലിയ കാട്ടില്‍ അത്രയും ചെറിയ ഭാഗത്തെ മരങ്ങളെ മാത്രം എങ്ങനെ തിരഞ്ഞുപിടിച്ച് ടാങ്കു കയറ്റി നശിപ്പിച്ചു എന്ന ചോദ്യവുമുയരുന്നു.

എന്തായാലും നിഗൂഢതകളേറെ ഒളിപ്പിച്ചിരിക്കുന്ന ഈ കാട്ടിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. ഇവിടെ വന്നു മടങ്ങുന്നവര്‍ തല്‍ക്കാലത്തേക്ക് മരത്തിന്റെ വളവു സംബന്ധിച്ച് തങ്ങളുടേതായ നിഗമനങ്ങളുണ്ടാക്കി തൃപ്തിപ്പെടുന്നുവെന്നു മാത്രം.

Latest Stories

We use cookies to give you the best possible experience. Learn more