| Sunday, 23rd December 2018, 3:55 pm

ബെംഗളൂരു നഗരത്തിലെ തടാകങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അംബരചുംബികളായ കെട്ടിടങ്ങളും തിരക്കേറിയ നഗരജീവിതമാണ് ബെംഗളൂരു കാഴ്ചവെക്കുന്നത്. എന്നാല്‍ തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവിടെയുണ്ട്. ബെംഗളൂരുവിനെ പൂന്തോട്ടങ്ങളുടെ നഗരമായി എല്ലാവര്‍ക്കും അറിയാം. ധാരാളം തടാകങ്ങളും ഈ നഗരത്തിന് സ്വന്തമായുണ്ട്. ബെംഗളൂരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം…

ഉള്‍സൂര്‍ ലെയ്ക്ക്

“നഗരത്തിന്റെ അഭിമാനം” എന്നറിയപ്പെടുന്ന ഉള്‍സൂര്‍ ലെയ്ക്ക് ബെംഗളൂരുവിലെ ഏറ്റവും വലിയ തടാകമാണ്. 123.6 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്. എംജി റോഡിന് സമീപത്തായി നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ് ഉള്‍സൂര്‍ ലെയ്ക്ക് സ്ഥിതി ചെയ്യുന്നത്.

അഗാര ലെയ്ക്ക്

ബെംഗളൂരുവിലെ മനോഹരമായ തടാകങ്ങളില്‍ ഒന്നാണ് അഗാര ലെയ്ക്ക്. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.

ഹെസറഗട്ട ലെയ്ക്ക്

ബെംഗളുരുവിലെ മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹെസറഗട്ട ലെയ്ക്ക് മനുഷ്യനിര്‍മ്മിതമാണ്. 1894ല്‍ ജനങ്ങള്‍ക്ക് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ തടാകം. പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്. എന്നാല്‍, വേനല്‍ക്കാലങ്ങളില്‍ ഇവിടെ വെള്ളം വറ്റാറുണ്ട്.

ലാല്‍ബാഗ് ലെയ്ക്ക്

മൂന്നര മീറ്റര്‍ ആഴത്തില്‍ 40 ഏക്കര്‍ സ്ഥലത്തായുള്ള ലാല്‍ബാഗ് ലെയ്ക്ക് നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിലെ മാവള്ളി എന്ന സ്ഥലത്തെ പ്രശസ്തമായ ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡനിന്റെ തെക്കേ അറ്റത്തായായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ് 1760ല്‍ ഹൈദര്‍ അലി ഖാന്‍ ഇവിടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നത്.

ഹെബ്ബാള്‍ ലെയ്ക്ക്

പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഹെബ്ബാള്‍ ലെയ്ക്ക് ബെംഗളൂരുവിലെ പുരാതനമായ തടാകമാണ്. കെംപഗൗഡയുടെ ഭരണകാലത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഇത്. തടാകത്തിലെ ജൈവവൈവിധ്യമാണ് സഞ്ചാരികളുടെ ഇടയില്‍ ഹെബ്ബാള്‍ ലെയ്ക്കിനെ പ്രശസ്തമാക്കുന്നത്.

പക്ഷിനിരീക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കും വരാന്‍ പറ്റിയ സ്ഥലമാണിത്. പക്ഷേ, ഹെബ്ബാള്‍ ലെയ്ക്ക് വേനല്‍ക്കാലങ്ങളില്‍ വറ്റിവരണ്ടുപോകാറുണ്ട്. നാഷണല്‍ ഹൈവേ ഏഴിന്റെ തുടക്കത്തില്‍ ബെല്ലാരി റോഡും ഔട്ടര്‍ റിങ്ങ് റോഡും ചേരുന്ന ഭാഗത്താണ് ഹെബ്ബാള്‍ ലെയ്ക്ക് സ്ഥിതി ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more