തിരുവനന്തപുരം: തിരുവല്ല പുളീക്കലിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചു. സ്പിരിറ്റ് മോഷ്ടിച്ച സംഭവം വിവാദമായതോടെയാണ് താത്കാലികമായി മദ്യ ഉത്പാദനം നിര്‍ത്തിയത്.
ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച കേസില്‍ പ്രതിയായ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.
ജവാന്‍ റം നിര്‍മിക്കുന്നതിനായി എത്തിച്ച 20,000 ത്തോളം ലിറ്റര്‍ സ്പിരിറ്റ് ആണ് കാണാതായത്. സ്പിരിറ്റ് ചോര്‍ത്തി വിറ്റതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥ സംഘമാണെന്ന് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.
എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് തട്ടിപ്പ് കണ്ടെത്തിയത്. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്.
ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
40,000 ലിറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് ജീവനക്കാരുടെ ഒത്താശയോടെ മോഷ്ടിച്ച് വിറ്റത്.
ലിറ്ററിന് 50 രൂപ എന്ന നിരക്കില്‍ കേരളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്പിരിറ്റ് വിറ്റതായാണ് വിവരം. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയില്‍ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്റര്‍ സ്പിരിറ്റും ഒരു ടാങ്കറില്‍ നിന്ന് 8000 ലിറ്റര്‍ സ്പിരിറ്റുമാണ് കാണാതായത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ജീവനക്കാരനാണ് അരുണ്‍ കുമാര്‍.
ഇയാള്‍ക്ക് നല്‍കാനുള്ളതാണ് പിടിച്ചെടുത്ത രൂപയെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ നല്‍കിയ മൊഴി. 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്നത് എറണാകുളത്തെ ഒരു കമ്പനിയാണ്.